മൂന്ന് മാസമായി വിമാനത്താവളത്തിനുള്ളില്‍ കഴിച്ചുകൂട്ടി ഒരാള്‍ ; സിനിമ പോലെ ഒരു ജീവിതകഥ

ഹോളിവുഡ് സൂപ്പര്‍ താരം ടോം ഹാങ്ക്സ് അഭിനയിച്ച ടെര്‍മിനല്‍ എന്ന സിനിമ പലരും കണ്ടിട്ടുണ്ടാകും. അന്യരാജ്യത്തെ വിമാനത്താവളത്തില്‍ കുടുങ്ങി പോകുന്ന ഒരാളുടെ കഥയാണ് ടെര്‍മിനല്‍ പറഞ്ഞത്. ആ സിനിമയുടെ കഥയുമായി സാമ്യമുള്ള ഒരു വാര്‍ത്തയാണ് ഇവിടെ.

ഹസന്‍ അല്‍ ഖന്തര്‍ എന്ന യുവാവാണ് കഴിഞ്ഞ മൂന്നു മാസത്തിലധികമായി കോലാംലംപൂര്‍ വിമാനത്താവളത്തിനുള്ളില്‍ അകപ്പെട്ടിരിക്കുന്നത്‍. 108 ദിവസമായി ഹസന്‍ ഇവിടെ കഴിച്ചുകൂട്ടുന്നു. സിറിയന്‍ അഭയാര്‍ത്ഥിയാതാണ് ഹസനു വിനയായത്. യുഎഇയിലായിരുന്നു ഹസന്റെ ജോലി. സിറിയില്‍ 2011 ല്‍ യുദ്ധം തുടങ്ങിയതോടെയാണ് ഹസന്റെ ജീവിതം മാറിമറിഞ്ഞത്. യുദ്ധത്തില്‍ പങ്കെടുക്കുന്നതിന് താന്‍ ഒരുക്കമായിരുന്നില്ലെന്ന് ഹസന്‍ പറയുന്നു.

അതോടെ സിറിയന്‍ ഗവണ്‍മെന്റ് തന്നെ പിടികൂടുന്നതിന് ശ്രമം തുടങ്ങി. തന്നെ സിറിയയിലേക്ക് തിരികെ അയ്ക്കുന്നതിന് യുഎഇ നടപടി ആരംഭിച്ചു. ഇതോടെ പലവിധ പരിശ്രമങ്ങള്‍ക്കും പ്രതിരോധങ്ങളും താന്‍ നടത്തി. ഇതിന്റെ ഭാഗമായിട്ടാണ് തന്നെ മലേഷ്യയിലേക്ക് അയച്ചതെന്നും ഹസന്‍ അറിയിച്ചു.

സിറിയന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്ന അപൂര്‍വ രാജ്യങ്ങളിലൊന്നാണ് മലേഷ്യ. ഇതാണ് ഹസന് വിസ ലഭിക്കുന്നതിന് സഹായകരമായി മാറിയത്. പക്ഷേ മലേഷ്യയും അഭയാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്. പരമാവധി മൂന്നു മാസം വരെ മാത്രമാണ് ഇവിടെ അഭയാര്‍ത്ഥികള്‍ക്ക് താമസനുമതിയുള്ളത്. അങ്ങനെ മൂന്നു മാസം ഹസന്‍ മലേഷ്യയില്‍ താമസിച്ചു.

അതിനു ശേഷം അഭയാര്‍ത്ഥികള്‍ക്ക് വിസ വേണ്ടാത്ത കമ്പോഡിയ പോലെയുള്ള പ്രദേശങ്ങളിലേക്ക് പോകാന്‍ ഹസന്‍ ശ്രമം തുടങ്ങി. പക്ഷേ അവര്‍ ഹസനെ തിരിച്ചയച്ചു. സിറിയന്‍ അഭയാര്‍ത്ഥിയെന്ന മേല്‍വിലാസമാണ് ഹസന് പ്രതിസന്ധി സൃഷ്ടിച്ചത്. തന്നെ കയറ്റാന്‍ കോലാലംപൂരിലെ ടര്‍ക്കിഷ് എയര്‍ലൈന്‍ തയാറിയില്ലെന്ന് ഹസന്‍ പറയുന്നു. കൈവശമുള്ള പണം തീര്‍ന്ന ഹസന്‍ വിമാനത്താവളത്തില്‍ കുടുങ്ങി.

തന്റെ അവസ്ഥ ഹസന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയാരുന്നു. ഇതോടെ വിഷയം ആക്ടിവിസ്റ്റുകള്‍ ഏറ്റെടുത്തു. 17,000 പേര്‍ ഒപ്പിട്ട നിവേദനം ഇവര്‍ ഹസനെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് കനേഡിയന്‍ സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. പുസ്തകം വായിച്ചും നെറ്റ് ഉപയോഗിച്ചുമാണ് ഹസന്‍ ഇതിന്റെ ഉള്ളില്‍ സമയം തള്ളിനീക്കുന്നത്. ഹസന് എയര്‍ ഏഷ്യയാണ് മൂന്നു നേരം ഭക്ഷണം നല്‍കുന്നത്. എത്രയുംവേഗം അവിടെ നിന്നും പുറത്തിറങ്ങണം എന്നാണു ഹസന്റെ ആഗ്രഹം.