ലോകകപ്പ് ഫുട്ബോള്‍ ; കേരളത്തില്‍ ഫ്ലെക്സ് വെക്കാന്‍ മാത്രം ആരാധകര്‍ക്ക് ചിലവായത് മുന്നൂറുകോടി

ലോകം മുഴുവന്‍ ഇപ്പോള്‍ ഫുട്ബോള്‍ ലഹരിയിലാണ്. നമ്മുടെ രാജ്യം ലോകകപ്പ് ഫുട്ബോള്‍ കളിക്കുന്നില്ല എങ്കിലും ഇവിടെയും ഫുട്ബോള്‍ ഭ്രാന്തിനു യാതൊരു കുറവും ഇല്ല. അര്‍ജന്റീന കളി തോറ്റത് കാരണം ആത്മഹത്യകള്‍ വരെ നടന്ന ഒരു നാടാണ് നമ്മുടെത്. ഇന്ത്യ കളിയ്ക്കാന്‍ ഇല്ലെങ്കിലും ലോകകപ്പ് ഫുട്ബോള്‍ ആഘോഷമാക്കാന്‍ നമ്മള്‍ മലയാളികള്‍ ചിലവാക്കിയത് മുന്നൂറുകോടി എന്ന് റിപ്പോര്‍ട്ട്. തങ്ങളുടെ ഇഷ്ടടീമിന്‍റെയും കളിക്കാരുടെയും ഫ്ലെക്സ് വെക്കുവാന്‍ വേണ്ടിയാണ് മലയാളികള്‍ ഇത്രയും തുക ചിലവാക്കിയത്. ഫുട്‌ബോള്‍ തുടങ്ങിയ ആദ്യ ആഴ്ചയിലെ കണക്ക് മാത്രമാണിത്.

ഫ്‌ളക്‌സ് പ്രിന്‍േറഴ്‌സ് ഓണേഴ്‌സ് സമിതി പുറത്തുവിട്ട ഏകദേശ കണക്കാണിത്. ബ്രസീല്‍ അര്‍ജന്റീന എന്നീ ടീമുകളുടെ ഫ്ലെക്സ് ആണ് വ്യാപകമായി കാണുവാന്‍ സാധിക്കുന്നത്. കേരളത്തില്‍ ഏറ്റവും ഫാന്‍സ്‌ ഈ രണ്ടു ടീമിനുമാണ്. എന്നാല്‍ ഇരുവരും ലോകകപ്പില്‍ നിന്ന് പുറത്തായത് ആരാധകരുടെ ആവേശം മങ്ങുവാന്‍ കാരണമായി. എന്നിരുന്നാലും ഇപ്പോള്‍ ഉള്ള ടീമുകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ഇവര്‍. അതേസമയം ആരാധരുടെ ഫ്ലെക്സ് ഭ്രാന്ത് മുന്‍ ലോകകപ്പിനെ അപേക്ഷിച്ച് കുറവാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. അതിന്റെ നിരാശയിലുമാണവര്‍. അതേ സമയം ഫ്‌ളക്‌സ് ഉണ്ടാക്കുന്ന രൂക്ഷമായ മാലിന്യപ്രശ്‌നങ്ങള്‍ സംബന്ധിച്ച് കടുത്ത ആശങ്കയിലാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍.

നേരത്തെ ലോകകപ്പ് ഫുട്‌ബോളില്‍ നിന്നും പുറത്ത് പോയ ടീമുകളുടെ ആരാധകര്‍ ഫ്‌ളക്‌സുകള്‍ നീക്കം ചെയ്യണമെന്ന് അഭ്യര്‍ഥിച്ച കണ്ണൂര്‍ ജില്ലാ കലക്ടര്‍ മിര്‍ മുഹമ്മദലിയുടെ വ്യത്യസ്തമായ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറലായിരുന്നു. കണ്ണൂരിനെ ഹരിത കണ്ണൂരാക്കി മാറ്റുന്നതിനുള്ള പ്രചാരണ പരിപാടികളുടെ ഭാഗമായാട്ടായിരുന്നു കളക്ടറുടെ പോസ്റ്റ്. അതേസമയം ഫ്ലെക്സ് കൂടാതെ പ്രോജക്റ്റര്‍ , എല്‍ സി ഡി സ്ക്രീന്‍ എന്നിങ്ങനെ കോടികള്‍ വേറെയും ഫുട്ബോളിന്റെ പേരില്‍ ചിലവാകുന്നുണ്ട്. അവയുടെ കണക്കുകള്‍ ഒന്നും ഇതുവരെ പുറത്തു വന്നിട്ടില്ല.