ആത്മാക്കള്‍ അലഞ്ഞുതിരിയുന്നു ; പ്രേതപ്പേടിയില്‍ ഡല്‍ഹിയിലെ ഒരു തെരുവ്, ജനങ്ങള്‍ വീടുകള്‍ ഉപേക്ഷിച്ച് പോകുന്നു

ന്യൂഡല്‍ഹി : ബുരാരിയിലെ ഒരു കുടുംബത്തിലെ ദുരൂഹമായ കൂട്ട ആത്മഹത്യയ്ക്ക് പിന്നാലെ ആ തെരുവില്‍ ആത്മഹത്യ ചെയ്തവരുടെ ആത്മാക്കള്‍ അലഞ്ഞുതിരിയുന്നു എന്ന് റിപ്പോര്‍ട്ട്. ഇതുകാരണം

പ്രദേശത്തെ വീടുകളും അപ്പാര്‍ട്ടുമെന്റുകളും വാങ്ങാനെത്തുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞതായി റിപ്പോര്‍ട്ട്. ആത്മഹത്യയ്ക്ക് പിന്നാലെ ഇവിടെ ആത്മാക്കളുടെ സാന്നിധ്യമുണ്ടെന്ന കിംവദന്തി പരന്നതിനെ തുടര്‍ന്നാണ് ആളുകള്‍ ഇവിടെ എത്താന്‍ മടിക്കുന്നത്.

മരിച്ച 11 പേരുടെയും ആത്മാക്കള്‍ അലഞ്ഞുതിരിഞ്ഞുനടക്കുന്നുവെന്നാണ് പ്രചാരണം. ആത്മഹത്യ നടന്ന ഭാട്ടിയ ഹൗസ്, അതിരിക്കുന്ന സ്ഥലം, സമീപമുള്ള കെട്ടിടങ്ങള്‍ എന്നിവയ്ക്കാണ് ഇപ്പോള്‍ ദുര്യോഗമുണ്ടായിരിക്കുന്നത്. മാത്രമല്ല പകല്‍ സമയം ടാക്‌സികള്‍ പോലും ഇങ്ങോട്ട് വരാന്‍ തയ്യാറാകുന്നില്ല എന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ഇവിടെ വീടുകള്‍ വാടകയ്‌ക്കെടുക്കാനും ആരും തയ്യാറാകുന്നില്ല.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഭാട്ടിയ ഹൗസിനും സമീപ പ്രദേശങ്ങളിലുമുള്ള സ്ഥലങ്ങള്‍ക്ക് 50 മുതല്‍ 70 ശതമാനം വരെയാണ് വില കുതിച്ചുയര്‍ന്നത്. ചതുശ്ര അടിക്ക് 60000 രൂപയെന്ന നിലയില്‍ വരെ ഉയര്‍ന്ന അവസ്ഥയുണ്ടായിരുന്നു. വളരെപ്പെട്ടന്ന് ആളുകള്‍ക്ക് ഇവിടെ സ്ഥലം ലഭിക്കുക അസാധ്യമായിരുന്നു. എന്നാല്‍ ആത്മഹത്യ നടന്നതിന് പിന്നാലെ ഇവിടേക്ക് ആളുകള്‍ വരാതായി. വില കുറച്ചിട്ടും ആരും വാങ്ങാന്‍ താത്പര്യം പ്രകടിപ്പിക്കുന്നില്ലെന്ന് പ്രദേശത്തെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍മാര്‍ പറയുന്നു.

അതിനിടെ നാല് കുടുംബങ്ങള്‍ പ്രദേശത്ത് നിന്ന് ഭീതിയെ തുടര്‍ന്ന് വീടുകള്‍ ഒഴിഞ്ഞുപോയി. എന്നാല്‍ സ്ഥലവില കുറയ്ക്കാന്‍ മറ്റ് ബ്രോക്കര്‍മാര്‍ നടത്തുന്ന പ്രചാരണമാണ് ഇതെന്നാണ് പ്രദേശവാസികള്‍ വിശ്വസിക്കുന്നത്.