വിജയ് സേതുപതി രജനികാന്ത് ചിത്രത്തില്‍ ഫഹദ് ഫാസിലും
പ്രശസ്ത സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്റെ ചിത്രത്തില്‍ വിജയ് സേതുപതിയും രജനികാന്തും ഒന്നിക്കുന്ന ചിത്രത്തില്‍ ഫഹദ് ഫാസിലും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ മാസം ഡെറാഡൂണില്‍ വെച്ചാണ് നടന്നത്. സിമ്രാന്‍, ബോബി സിംഹ, മേഘ ആകാശ്, സനത് റെഡ്ഡി, ദീപക് പരമേഷ് തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സണ്‍ പിക്‌ചേഴ്സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. മോഹന്‍ രാജ സംവിധാനം ചെയ്ത ‘വേലക്കാരന്‍’ എന്ന ചിത്രത്തിലൂടെ ഫഹദ് തന്റെ കോളിവുഡ് അരങ്ങേറ്റം നടത്തിയത്.
ത്യാഗരാജ കുമാരരാജ സംവിധാനം ചെയ്യുന്ന ‘സൂപ്പര്‍ ഡ്യുലക്സ്’ എന്ന തമിഴ് ചിത്രത്തിലും ഫഹദ് ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മണി രത്നം സംവിധാനം ചെയ്യുന്ന ‘ചെക്ക ചിവന്ത വാനം’ എന്ന ചിത്രത്തില്‍ നിന്ന് താരം അവസാന നിമിഷം ഒഴിയുകയായിരുന്നു. ഫഹദിന്റെ മലയാള ചിത്രങ്ങളും റിലീസിനായി ഒരുങ്ങുന്നുണ്ട്. അമല്‍ നീരദ് സംവിധാനം ചെയ്ത ‘വരത്തന്‍’ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടന്നു കൊണ്ടിരിക്കുകയാണ്.
നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ‘ആണെങ്കിലും അല്ലെങ്കിലും’ അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ശ്രീനിവാസന്റെ തിരക്കഥയില്‍ സത്യന്‍ അന്തിക്കാടിന്റെ അടുത്ത ചിത്രത്തിലും ഫഹദാണ് നായകന്‍. കാര്‍ബണ്‍ ആണ് ഫഹദ് അഭിനയിച്ചു പുറത്തുവന്ന അവസാനചിത്രം.