സംവിധായകന്‍ മുരുഗദോസ് ലൈംഗികമായി ഉപയോഗിച്ചു എന്ന ആരോപണവുമായി തെലുങ്ക് നടി രംഗത്ത്

പ്രമുഖ സംവിധായകന്‍ മുരുഗദോസിന് എതിരെ ലൈംഗികാരോപണവുമായി തെലുങ്ക് നടി ശ്രീ റെഡ്ഡി രംഗത്ത്. മുരുകദോസിനെ കൂടാതെ തമിഴ് നടന്‍ ശ്രീകാന്തിനുമെതിരെയും നടി ആരോപണം ഉന്നയിക്കുന്നുണ്ട്‌. ഹൈദരാബാദിലെ ഗ്രീന്‍പാര്‍ക്ക് ഹോട്ടല്‍ ഓര്‍മ്മയുണ്ടോ എന്നും, അവിടെ വച്ച് വെലഗോണ്ട ശ്രീനിവാസനോടൊപ്പം തന്നെ കണ്ടത് ഓര്‍മ്മയുണ്ടോ എന്നുമാണ് ശ്രീ ചോദിക്കുന്നത്. മുരുകദോസിന് എതിരായ 90 ശതമാനം തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്നാണ് ശ്രീ പറയുന്നത്. തനിക്ക് അവസരം വാഗ്ദാനം ചെയ്ത് മുരുകദോസ് പറ്റിക്കുകയായിരുന്നുവെന്നും ശ്രീ റെഡ്ഡി ആരോപിക്കുന്നു.

അഞ്ച് വര്‍ഷം മുന്‍പ് ക്രിക്കറ്റ് ലീഗ് നടക്കുമ്പോള്‍ നടന്‍ ശ്രീകാന്തും താനുമായി ഹൈദരാബാദിലെ ഹോട്ടലില്‍ വെച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതായും നടി വെളിപ്പെടുത്തി. തമിഴ് ലീക്ക് എന്ന ഹാഷ്ടാഗിലൂടെയാണ് നടി രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നത്. നേരത്തെ തെലുഗു സിനിമയില്‍ പുതുമുഖങ്ങളെ ലൈംഗിക ചൂഷണത്തിന് വിധേയമാക്കുന്നുവെന്ന ആരോപണവുമായാണ് ശ്രീ ആദ്യം രംഗത്തെത്തുന്നത്. നടനും സംവിധായകനുമായ ശേഖര്‍ കമ്മൂല, നടന്‍ റാണാ ദഗ്ഗുബാട്ടിയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടി, ഗായകന്‍ ശ്രീറാം, സംവിധായകന്‍ കൊരട്ടല ശിവ തുടങ്ങിയവര്‍ക്കെതിരെയാണ് പിന്നീട് ശ്രീ രംഗത്തെത്തിയത്.