ഇന്ത്യന്‍ അത്ലറ്റിക്സില്‍ ചരിത്രം കുറിച്ച് അസംകാരി ഹിമ ദാസ്

ഹെല്‍സിങ്കി: ഫിന്‍ലന്റില്‍ നടക്കുന്ന അന്താരാഷ്ട്ര അത്ലറ്റിക്സ് അസോസിയേഷന്‍സ് ഫെഡറേഷന്റെ (ഐ.എ.എ.എഫ്) അണ്ടര്‍ 20 ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടി ഇന്ത്യയുടെ ഹിമ ദാസ്. ആഗോള മീറ്റില്‍ ഒന്നാംസ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യക്കാരിയാണ്. 400 മീറ്റര്‍ 51.46 സെക്കന്റില്‍ ഫിനിഷ് ചെയ്തുകൊണ്ടായിരുന്നു 18-കാരിയുടെ ചരിത്രനേട്ടം.

ഫൈനല്‍ മത്സരത്തിന്റെ ആദ്യഘട്ടത്തില്‍ പതുക്കെ ഓട്ടംതുടങ്ങിയ ഹിമ അവസാന 80 മീറ്ററിലാണ് വിശ്വരൂപം പുറത്തെടുത്തത്. മുന്നില്‍ കുതിച്ചോടുകയായിരുന്ന മൂന്നുപേരെ ഓടിത്തോല്‍പ്പിച്ച ഹിമ വ്യക്തമായ മാര്‍ജിനില്‍ ഫിനിഷ് ചെയ്യുകയായിരുന്നു. 39-ാം സെക്കന്റ് വരെ ഒന്നാംസ്ഥാനത്ത് തുടര്‍ന്ന അമേരിക്കന്‍ താരം ടെയ്ലര്‍ മാന്‍സനെയും റുമാനിയയുടെ ആന്‍ഡ്രിയ മിക്ലോസിനെയും ഓസ്ട്രേലിയക്കാരി എല്ല കൊനോലിയെയും അമ്പരപ്പിച്ചു കൊണ്ടാണ് ഹിമ ദാസ് അവസാന കുതിപ്പു നടത്തിയത്.

52.07 സമയത്തില്‍ ആന്‍ഡ്രിയ മിക്ലോസ് വെള്ളിയും 52.28 നല്‍ ടെയ്ലര്‍ വെങ്കലവും നേടി. 51.13 കരിയര്‍ ബെസ്റ്റ് സമയമുള്ള ഹിമ ദാസ് ഹീറ്റ്സില്‍ 52.25 സമയത്തിലാണ് യോഗ്യത നേടിയത്. മലയാളി താരം ജിസ്ന മാത്യുവിനും (54.32) യോഗ്യതയുണ്ടായിരുന്നു. ഒന്നാം സെമിഫൈനലില്‍ സമയം മെച്ചപ്പെടുത്തി (52.10) എട്ടുപേരില്‍ ഒന്നാം സ്ഥാനത്ത് ഹിമ ഫിനിഷ് ചെയ്തപ്പോള്‍ ജിസ്ന മാത്യു (53.86) പുറത്തായി.

അവസാന നൂറുമീറ്ററില്‍ കുതിപ്പു നടത്തുന്നതാണ് ഹിമയുടെ രീതിയെന്നും ആദ്യഘട്ടത്തില്‍ അവര്‍ പിന്നില്‍ ഓടിയപ്പോള്‍ തനിക്കു വിഷമമുണ്ടായില്ലെന്നും കോച്ച് നിപ്പോള്‍ ദാസ് പറഞ്ഞു. രണ്ടുവര്‍ഷം മുമ്പുമാത്രം അത്ലറ്റിക്സിലേക്കു തിരിഞ്ഞ ഹിമയിലെ പ്രതിഭയെ കണ്ടെത്തിയത് നിപ്പോണ്‍ ദാസാണ്.

അഭൂതപൂര്‍വമായ വിജയത്തോടെ ലോക അണ്ടര്‍ 20-യില്‍ മെഡലുള്ള അപൂര്‍വം ഇന്ത്യക്കാരില്‍ ഇടംനേടിയ ഹിമ, ട്രാക്കില്‍നിന്നു സ്വര്‍ണം നേടുന്ന ആദ്യ അത്ലറ്റുമായി. നീരജ് ചോപ്ര (ജാവലിന്‍ സ്വര്‍ണം), നവ്ജീത് കൗര്‍ ധില്ലണ്‍ (ഡിസ്‌കസ് വെങ്കലം), സീമ പൂനിയ (ഡിസ്‌കസ് വെള്ളി) എന്നിവര്‍ മാത്രമുണ്ടായിരുന്ന ക്ലബ്ബിലാണ് ഹിമ ഇടംപിടിച്ചത്.
അസമിലെ ചെറുനഗരമായ നൗഗോങിനു സമീപം ജനിച്ചുവളര്‍ന്ന ഹിമ ഫുട്ബോളിലൂടെയാണ് കായികരംഗത്തു പ്രവേശിച്ചത്. നെല്‍പ്പാടങ്ങളില്‍ ആണ്‍കുട്ടികള്‍ക്കൊപ്പമായിരുന്നു പന്തുകളി. 16-ാം വയസ്സില്‍ ഹിമയുടെ വേഗത ശ്രദ്ധയില്‍പ്പെട്ട അധ്യാപകനാണ് അവളെ നിപ്പോണ്‍ ദാസിന്റെ അടുത്തെത്തിക്കുന്നത്. വിലകുറഞ്ഞ സ്പൈക്കണിഞ്ഞ് 100, 200 മത്സരങ്ങളില്‍ പങ്കെടുത്ത ഹിമ അനായാസം സ്വര്‍ണം നേടി.

മാതാപിതാക്കളായ രഞ്ജിത്തിനെയും ജൊമാലിയെയും ഏറെ നിര്‍ബന്ധിച്ച ശേഷമാണ് ഹിമയെ പരിശീലനത്തിനു വിട്ടുകിട്ടിയതെന്ന് നിപ്പോണ്‍ ദാസ് പറയുന്നു. അതുവരെ ബോക്സിങും ഫുട്ബോളും മാത്രമുണ്ടായിരുന്ന സ്റ്റേറ്റ് അക്കാദമിയില്‍ ഹിമക്ക് അഡ്മിഷന്‍ നേടാനായതും നിര്‍ണായകമായി. പ്രതീക്ഷിച്ചതിലും മികച്ച പ്രകടനമാണ് ഹിമ പുറത്തെ ടുക്കുന്നതെന്നും അവളുടെ സ്വപ്നങ്ങള്‍ വലുതാണെന്നും നിപ്പോള്‍ ദാസ് പറയുന്നു.

രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേന്ദ്ര കായികമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി, സുനില്‍ ഛേത്രി, ഷാറുഖ് ഖാന്‍, തേജശ്വി യാദവ് തുടങ്ങി ആയിരക്കണക്കിനാളുകള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ഹിമ ദാസിനെ അഭിനന്ദിച്ചു.