സ്ത്രീധനം കൊടുത്തില്ല ; ഭര്‍ത്താവ് ഭാര്യയെ പട്ടിണിക്കിട്ട് കൊന്നു

ബറേലി : ഭാര്യയെ പട്ടിണിക്കിട്ട് കൊന്നയാള്‍ പോലീസ് പിടിയില്‍. ഡല്‍ഹിയില്‍ ചെരിപ്പ് നിര്‍മാണ ഫാക്ടറി നടത്തുന്ന നയീം എന്നയാളഴാണ് ഭാര്യയായ റസിയയെ പട്ടിണിക്കിട്ട് കൊന്നത്. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം.

2005ല്‍ ആയിരുന്നു ഇവരുടെ വിവാഹം. എന്നാല്‍ വിവാഹം കഴിഞ്ഞു ആഴ്ചകള്‍ക്കുള്ളില്‍ നയീം സ്ത്രീധനം ആവശ്യപ്പെട്ട് മര്‍ദ്ദനം പതിവാക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഈ വര്‍ഷം ഏപ്രിലില്‍ നയീം ഫോണില്‍ കൂടി തലാഖ് ചൊല്ലി റസിയയുമായി ബന്ധം വേര്‍പെടുത്തി. പിന്നാലെ വീട്ടിലെത്തിയ ഇയാള്‍ റസിയയെ വീടിനുള്ളിലെ കുടുസ്സുമുറിയില്‍ പൂട്ടിയിട്ടു. ഒരുമാസത്തോളം ആവശ്യത്തിന് വെള്ളവും ഭക്ഷണവും നല്‍കാതെ റസിയ ഈ മുറിക്കുള്ളില്‍ തടവിലായിരുന്നുവെന്നാണ് റസിയയുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.

തുടര്‍ന്ന് വിവരമറിഞ്ഞ റസിയയുടെ ബന്ധുക്കള്‍ സന്നദ്ധ സംഘടനയുടെ സഹായത്തോടെ ഭര്‍തൃവീട്ടില്‍ നിന്ന് ഇവരെ രണ്ട് മാസം മുമ്പ് രക്ഷപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ അവശ നിലയിലായതിനാല്‍ ചികിത്സ തുടര്‍ന്നിട്ടും ആരോഗ്യം ക്ഷയിക്കുകയും നില ഗുരുതരമാകുകയും ചെയ്തു. തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി ലഖ്‌നൗവിലെ ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നതിനിടെ റസിയ വ്യാഴാഴ്ച മരണത്തിന് കീഴടങ്ങി.

ഇതിന് ശേഷം ബന്ധുക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നയീമിനെതിരെ പോലീസ് സ്ത്രീധന പീഡനത്തിന് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാളെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.