റോഡ്‌ നിര്‍മ്മിക്കാന്‍ കുഴി എടുത്തപ്പോള്‍ ലഭിച്ചത് നിധിശേഖരം

റോഡ് നിര്‍മ്മാണത്തിനു വേണ്ടി കുഴിയെടുത്തപ്പോള്‍ ലഭിച്ചത് നിധികുംഭം. ഛത്തീസ്ഗഢിലെ കണ്ടോഗാവിലാണ് ഭൂമി കുഴിച്ചപ്പോള്‍ സ്വര്‍ണ്ണനാണയങ്ങള്‍ നിറച്ച കുടം ലഭിച്ചത്. സ്വര്‍ണനാണയങ്ങളും വെള്ളിനാണയവും സ്വര്‍ണക്കമ്മലുമാണ് കുടത്തിനുള്ളിലുണ്ടായിരുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച കോര്‍കോടി- ബേദ്മ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന റോഡിന്റെ നിര്‍മ്മാണത്തിനിടെയാണ് നിധികുംഭം ലഭിച്ചത്. വനിതാത്തൊഴിലാളികളാണ് ഉപരിതലത്തില്‍ നിന്നും ഏതാനും അടി താഴ്ചയില്‍ നിന്ന് കുടം കണ്ടെത്തിയത്. തുടര്‍ന്ന് ഇവര്‍ ഗ്രാമവാസികളെ വിവരമറിയിക്കുകയായിരുന്നു.

57 സ്വര്‍ണനാണയങ്ങളും ഒരു വെള്ളിനാണയവും ഒരു സ്വര്‍ണക്കമ്മലുമാണ് കുടത്തിനുള്ളിലുണ്ടായിരുന്നത്. നിധിയടങ്ങിയ കുടം ഗ്രാമീണര്‍ ജില്ലാ കളക്ടര്‍ നീല്‍കാന്ത് ടെകാമിന് കൈമാറി. സംസ്ഥാന ആര്‍ക്കിയോളജിക്കല്‍ വകുപ്പ് നാണയങ്ങള്‍ വിശദമായി പരിശോധിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. നാണയങ്ങളിലുള്ള ലിപി യാദവരാജവംശത്തിന്റെ കാലത്തേതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. 12, 13 നൂറ്റാണ്ടുകളിലേതാണ് സ്വര്‍ണം, വെള്ളി നാണയങ്ങളെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം നിധികുംഭം എങ്ങനെ ഇവിടെ എത്തി എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നു. ആരെങ്കിലും മോഷ്ട്ടിച്ച ശേഷം കൊണ്ട് കുഴിചിട്ടതാകം എന്നാണു പോലീസ് പറയുന്നത്.