ജനങ്ങളെ കൊള്ളയടിച്ച് കമ്പനികള്‍ ; എണ്ണവില പിന്നെയും കൂട്ടി

ദിവസവും എണ്ണവില വര്‍ധിപ്പിച്ച് കമ്പനികള്‍. ഒരു ലിറ്റര്‍ പെട്രോളിന് രണ്ട് പൈസയും ഡീസലിന് 19 പൈസയുമാണ് വര്‍ധിച്ചത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 80.07 രൂപയും ഡീസലിന് 73.43 രൂപയുമാണ് വില. കഴിഞ്ഞ ഒന്‍പത് ദിവസത്തിനിടെ പെട്രോളിന് 1.26 രൂപയും ഡീസലിന് 1.20 രൂപയുമാണ് വര്‍ധിച്ചത്. വില്‍പ്പന നികുതി കുറച്ചതിനെത്തുടര്‍ന്ന് കര്‍ണാടകയില്‍ ഒരു ലിറ്റര്‍ പെട്രോളിന് അഞ്ചുരൂപയും ഡീസലിന് നാലുരൂപയും കേരളത്തിലേതിനെക്കാള്‍ കുറവുണ്ട്. കെ.എസ്.ആര്‍.ടി.സി. അവിടെനിന്നാണ് ഇന്ധനം എത്തിക്കുന്നത്.

ഒരു ലിറ്റര്‍ പെട്രോള്‍ വില്‍ക്കുന്നതിലൂടെ കേരള സര്‍ക്കാരിന് ശരാശരി 27 രൂപയുടെ വരുമാനവുമുണ്ട്. 2013ലാണ് കേരളത്തില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. അക്കൊല്ലം സെപ്റ്റംബറില്‍ പെട്രോള്‍ വില ലിറ്ററിന് 77 രൂപയായിരുന്നു. എന്നാല്‍ അന്ന് ഡീസലിന്റെ വില ലിറ്ററിന് 56 രൂപ മാത്രമായിരുന്നു. ഇന്ധനവില ദിവസവും മാറുന്ന രീതി ജൂണ്‍ 16നാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. അന്ന് പെട്രോളിന് 68.53 രൂപയും ഡീസലിന് 58.70 രൂപയുമായിരുന്നു.

പുതിയ രീതിപ്രകാരം വിലക്കുറവിന്റെ നേട്ടം അതത് ദിവസം ഉപഭോക്താക്കള്‍ക്ക് കിട്ടുമെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ വില കുറഞ്ഞത് വിരലിലെണ്ണാവുന്ന ദിനങ്ങളില്‍ മാത്രം. അതേസമയം ലോകവിപണിയില്‍ എണ്ണവില കുറഞ്ഞിരുന്ന സമയത്തും ഇന്ത്യയില്‍ വില കൂട്ടിയാണ് കമ്പനികള്‍ വിറ്റിരുന്നത്.