അവള്‍ (കവിത)
നിഖില സമീര്‍ (റിയാദ്)
പാതിരാവിന്റെ ആലസ്യത്തിലരയുന്ന
ദോശമാവില്‍ രണ്ടു വരി കവിത
ചേര്‍ത്തരച്ചാണവള്‍
മാവിനെ മിനുസമാര്‍ന്നതാക്കുന്നത് ..
നിദ്ര പുല്‍കും മിഴികള്‍ തുറന്നാണ്
കാല്പനികതയുടെ അരണ്ട
നിലാവെളിച്ച കുളിര്‍ നിറയും
അക്ഷരകിനാവിലേക്കു ചേക്കേറുന്നത് ..
പാതിമുറിയുന്ന നിദ്രയില്‍ നിന്ന്
മഹാ പ്രകാശത്തിലേക്ക്
ആത്മാവിനെ
പകര്‍ന്നാണ്
ധ്യാനത്തിലാകുന്നത് …
മിന്നി മറയുന്ന
തിരക്കുകള്‍ക്കിടക്കു
ചുരുണ്ട കടലാസുകളിലാണ്
വായനാ സുഖമറിയുന്നത് ….
ജോലിയില്ലായ്മ്മയെന്ന ജോലിത്തിരക്കുകള്‍ക്കിടക്ക്
പൊലിഞ്ഞു തീരുമ്പോള്‍
അവളില്ലായ്മയില്‍ മാത്രം
വിലയറിയുന്ന വിളക്കാണവള്‍ ..