തിരഞ്ഞെടുപ്പ് 2019 ; സിനിമാക്കാരെയും സെലിബ്രിറ്റികളെയും രംഗത്തിറക്കാന്‍ തയ്യറായി ബിജെപി

അടുത്തവര്‍ഷം നടക്കുവാന്‍ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സെലിബ്രിറ്റികളെ രംഗത്തിറക്കി സീറ്റുകള്‍ പിടിക്കാന്‍ ബിജെപി പദ്ധതി. ബോളിവുഡ് താരങ്ങള്‍, യുവസംരംഭകര്‍, പദ്മ അവാര്‍ഡ് ജേതാക്കള്‍ കായിക താരങ്ങള്‍ എന്നിങ്ങനെയുള്ള ജനപ്രിയരായ സെലിബ്രിറ്റികളെ രംഗത്തിറക്കി സീറ്റ് പിടിക്കാനാണ് ബിജെപിയുടെ പദ്ധതി. 2014 നെക്കാള്‍ മികച്ച ഭൂരിപക്ഷമാണ് 2019 ല്‍ ബിജെപി ലക്ഷ്യമിടുന്നത്. നാളിതുവരെ ജയിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത 120 ലോക്‌സഭാ സീറ്റുകളില്‍ വിജയിക്കാനുള്ള പദ്ധതിയുടെ ഭാഗമായിട്ടാണ് താര പരീക്ഷണം.

പരമ്പരാഗതമായി പാര്‍ട്ടിക്ക് ശക്തി കുറഞ്ഞ മണ്ഡലങ്ങളില്‍ ഇങ്ങനെ താരങ്ങളെ ഇറക്കിയാല്‍ വിജയിക്കാം എന്നാണ് ബിജെപി കണക്കുകൂട്ടുന്നത്. വടക്ക്, പടിഞ്ഞാറ്, മധ്യേന്ത്യയില്‍ കഴിഞ്ഞ തവണത്തെ വിജയം ആവര്‍ത്തിക്കുന്നതിനൊപ്പം അധികമായി സീറ്റുകള്‍ നേടാമെന്നും അവര്‍ പ്രതീക്ഷ വെക്കുന്നു. ഈ മൂന്നു മേഖലയില്‍ നിന്ന് മാത്രം ബിജെപിക്ക് കഴിഞ്ഞ തവണ കിട്ടിയത് 232 സീറ്റുകളാണ്. അതേസമയം ഈ പട്ടികയിലേക്ക് കൂടുതല്‍ സെലിബ്രിറ്റികളെ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്നും ബിജെപി നേതാവിനെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

അക്ഷയ് കുമാര്‍, നാനാ പട്ടേക്കര്‍, അനുപം ഖേര്‍ എന്നിങ്ങനെ പോകുന്നു ബിജെപിയുടെ താര നിര. അതുപോലെ കനേഡിയന്‍ പൗരത്വമുള്ള അക്ഷയ്കുമാറിന് മത്സരിക്കണമെങ്കില്‍ ആദ്യം ഇന്ത്യന്‍ പൗരത്വം നേടണം. ഇതിനായി ശ്രമങ്ങള്‍ തുടങ്ങിയതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.