ഫുട്ബോള്‍ മൈതാനത്ത് ഇന്ത്യയും അര്‍ജന്റീനയും ഏറ്റുമുട്ടുന്നു ; മത്സരം ആഗസ്റ്റ് 6ന്
കേട്ടിട്ട് അത്ഭുതം തോന്നുന്നുണ്ടോ. ലോക ഫുട്‌ബോളിലെ തന്നെ വന്‍ ശക്തികളായ അര്‍ജന്റീനയും ഈ രംഗത്ത് പിച്ചവെച്ച് തുടങ്ങുന്ന ഇന്ത്യയും നേര്‍ക്ക്നേര്‍ വരുന്നു. ഫുട്ബോള്‍ ആരാധകര്‍ക്ക് വിശ്വസിക്കാന്‍ പ്രയാസമുള്ളതാണ് ഇക്കാര്യം. എന്നാല്‍ സംഗതി സത്യമാണ്. പക്ഷെ അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും ഇന്ത്യയുടെ താരം സുനില്‍ ഛേത്രിയുമൊന്നുമല്ല പോരാട്ടത്തിനിറങ്ങുന്നത് എന്ന് മാത്രം. അവരുടെ കുഞ്ഞനുജന്‍മാരാണ്‍. ഇന്ത്യയുടെ അണ്ടര്‍ 19 ടീം സ്‌പെയിനില്‍ നടക്കുന്ന സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന അണ്ടര്‍ 19 ടീമിനെ നേരിടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അടുത്ത മാസം ആറിനാണ് മത്സരം നടക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. വെനിസ്വാല, മൗറീഷ്യാന തുടുങ്ങിയ ടീമുകളാണ് അര്‍ജന്റീനയ്ക്കും ഇന്ത്യയ്ക്കുമൊപ്പം സ്‌പെയിനില്‍ നടക്കുന്ന സൗഹൃദ മത്സരത്തില്‍ കളിക്കുന്നത്. ഈ മാസം 22ന് ഇന്ത്യന്‍ ടീം സ്‌പെയിനിലേക്ക് തിരിക്കും. അവിടെവെച്ചുള്ള പരിശീലനത്തിന് ശേഷമാകും ഇന്ത്യ മത്സരത്തിനിറങ്ങുക. ആദ്യ മത്സരത്തില്‍ മൗറീഷ്യാനെയെയും രണ്ടാം മത്സരത്തില്‍ വെനിസ്വാലയെയും ഇന്ത്യ നേരിടും. മൂന്നാം മത്സരത്തിലാണ് ഇന്ത്യ-അര്‍ജന്റീന പോരാട്ടം.