ജസ്‌നയുടെ തിരോധാനം ; അന്വേഷണം ആറ് യുവാക്കളെ കേന്ദ്രീകരിച്ച്

ജസ്‌നയുടെ തിരോധാനം സംബന്ധിച്ച കേസില്‍ പുതിയ വഴിത്തിരുവ്. നിലവില്‍ അന്വേഷണം ആറ് യുവാക്കളെ കേന്ദ്രീകരിച്ച് പുരോഗമിക്കുന്നതായി സൂചന. ജസ്‌നയുടെ ഫോണ്‍കോളുകളില്‍ നിന്നാണ് മുണ്ടക്കയത്തെ ആറംഗസംഘത്തിലേക്കും അന്വേഷണം നീളുന്നത്. ജസ്‌നയെ കാണാതായ ദിവസവും തൊട്ടടുത്തുള്ള ദിവസങ്ങളിലും ഈ ആറ് യുവാക്കളും തമ്മില്‍ നടത്തിയ ഫോണ്‍സംഭാഷണങ്ങളാണ് ഇവരെ സംശയത്തിന്റെ നിഴലിലാക്കിയിരിക്കുന്നത്. ഇവരുടെ കൂട്ടുകെട്ട് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.

മുണ്ടക്കയം,ചോറ്റി, കോരുത്തോട്, കരിനിലം എന്നിവിടങ്ങളിലുള്ളവരാണ് ഈ ആറംഗസംഘത്തിലെ യുവാക്കള്‍. ഇവരില്‍ ചിലര്‍ക്ക് പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുമായി ബന്ധമുണ്ടെന്ന വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കാണാതാവുന്നതിന് തലേദിവസം ജസ്‌ന ആണ്‍സുഹൃത്തിനെ ഏഴ് തവണ വിളിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇയാളുമായുള്ള സൗഹൃദം ഉപേക്ഷിക്കണമെന്ന തരത്തില്‍ പലരും ജസ്‌നയ്ക്ക് താക്കീത് നല്കിയിരുന്നതായുള്ള വിവരവും ലഭിച്ചതായാണ് പോലീസ് ഭാഷ്യം. അതുകൊണ്ടു തന്നെ ജസ്‌നയുടെ ഫോണില്‍ നിന്ന് ആണ്‍സുഹൃത്തിന് പോയ കോളുകളെ പോലീസ് ഗൗരവത്തോടെയാണ് കാണുന്നത്.

ഇടുക്കിയില്‍ കഴിഞ്ഞയാഴ്ച കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ചും അന്വേഷണ സംഘത്തിന് സംശയമുണ്ട്. എന്നാല്‍, അന്വേഷണം പൂര്‍ത്തിയാകാതെ ഈ വിവരങ്ങള്‍ സ്ഥിരീകരിക്കാനാവില്ലെന്ന നിലപാടിലാണ് പോലീസ്. ഇടുക്കി വെള്ളത്തൂവലില്‍ പാതി കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാനുള്ള അന്വേഷണത്തിലാണ് പോലീസ്. പ്രചരിക്കുന്ന കഥകളെ അടിസ്ഥാനമാക്കി നിഗമനങ്ങളില്‍ എത്താനാവില്ലെന്നും വസ്തുതകളറിയാതെ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും അന്വേഷണസംഘാംഗവും തിരുവല്ല ഡിവൈഎസ്പിയുമായ ആര്‍.ചന്ദ്രശേഖരപിള്ള പറഞ്ഞു.