രാമായണ മാസാചരണം കോണ്ഗ്രസ് ഉപേക്ഷിച്ചു
രാമായണ മാസം ആചരിക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് ഉപേക്ഷിച്ചു. രാമായണ മാസം ആചരിക്കാനുള്ള പാര്‍ട്ടിയുടെ തീരുമാനം പാര്‍ട്ടിക്കുള്ളില്‍ തന്നെ വന്‍വിവാദമായതിനെ തുടര്‍ന്നാണ് തീരുമാനം. പരിപാടിയെ എതിര്‍ത്ത് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം സുധീരന്‍, കെ മുരളീധരന്‍ എം.എല്‍.എ അടക്കമുള്ളവര്‍ പരസ്യമായി രംഗത്തുവന്നിരുന്നു.
രാമായണ പാരായണത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്ന് തീരുമാനത്തെ എതിര്‍ത്ത സുധീരന്‍ ആവശ്യപ്പെട്ടിരുന്നു. രാമായണ മാസാചരണം രാഷ്ട്രീയ പാര്‍ട്ടികളുടെ ചുമതലയല്ല. രാമനെ ചൂഷണം ചെയ്തത് ബിജെപിക്കാരാണ്, അതിനെ പരോക്ഷമായി പിന്തുണയ്ക്കുന്നതാണ് പാര്‍ട്ടിയുടെ ഇപ്പോഴത്തെ നിലപാടെന്നും സുധീരന്‍ തുറന്നടിച്ചിരുന്നു.
രാമായണമാസം ആചരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സി.പി.എമ്മും പിന്‍മാറണം. വിശ്വാസം വ്യക്തി താത്പര്യമാണ്. അത് വ്യക്തികള്‍ക്ക് വിട്ടുകൊടുക്കണമെന്നും സുധീരന്‍ വ്യക്തമാക്കി.
കോണ്‍ഗ്രസ് രാമായണമാസം ആചരിക്കുന്നതു ശരിയല്ല. ഇക്കാര്യത്തില്‍ രാഷ്ട്രീയകാര്യ സമിതിയിലോ നിര്‍വാഹക സമിതിയിലോ തീരുമാനമെടുത്തിട്ടില്ല. വിശ്വാസികളും അല്ലാത്തവരും പാര്‍ട്ടിയില്‍ ഉണ്ട്. നാലു വോട്ടുകള്‍ കിട്ടാന്‍ ദൈവങ്ങളെ ഉപയോഗിക്കരുത്. ബിജെപിയെ നേരിടാന്‍ ഇതല്ല മാര്‍ഗമെന്നുമായിരുന്നു കെ മുരളീധരന്റെ പ്രതികരണം.
‘രാമായണം നമ്മുടേതാണ്, നാടിന്റെ നന്മയാണ്’ എന്ന പേരില്‍ കെപിസിസി വിചാര്‍ വിഭാഗിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് പരിപാടി സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നത്. കര്‍ക്കിടകം ഒന്നിന് തൈക്കാട് ഗാന്ധിഭവനില്‍ ആരംഭിക്കുന്ന ‘ കോണ്‍ഗ്രസ് രാമായണ പാരായണം ‘ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുമെന്നും ചടങ്ങില്‍ ശശി തരൂര്‍ എംപി മുഖ്യപ്രഭാഷണം നടത്തുമെന്നും, വ്യക്തമാക്കി നോട്ടീസ് വരെ അച്ചടിച്ചിരുന്നു കെപിസിസിയുടെ വിചാര്‍ വിഭാഗം.