യു.പിയില്‍ യുവതിയെ കൂട്ടബലാല്‍സംഗം ചെയ്തശേഷം ക്ഷേത്രത്തിന്റെ യാഗശാലയിലിട്ട് ചുട്ടുകൊന്നു
യുവതിയെ കൂട്ടബലാല്‍സംഗം ചെയ്ത സംഘം ക്ഷേത്രത്തിന്റെ യാഗശാലയിലിട്ട് ചുട്ടുകൊന്നു. ഉത്തര്‍പ്രദേശിലെ സാംബാല്‍ ജില്ലയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു നടുക്കുന്ന സംഭവം. ഉറങ്ങികിടന്ന 35 വയസുകാരിയെ വീട്ടിനുള്ളില്‍ അതിക്രമിച്ച് കയറിയാണ് കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയ ശേഷം ചുട്ടുകൊന്നത്. ഭര്‍ത്താവ് ഇല്ലെന്ന് മനസിലാക്കിയ അഞ്ചംഗസംഘം പുലര്‍ച്ചെ വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ക്രൂരമായി ബലാല്‍സംഗത്തിന് ഇരയാക്കി. അക്രമിസംഘം വീട്ടില്‍ നിന്ന് മടങ്ങിപ്പോയതിന് ശേഷം ഭര്‍ത്താവിനെയും സഹോദരനെയും യുവതി ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല.
പിന്നീട് മറ്റൊരു ബന്ധുവിനെ ഫോണില്‍ വിളിച്ച് സംഭവിച്ചതെല്ലാം പറഞ്ഞു. എന്നാല്‍ ഇതിനുപിന്നാലെ അക്രമിസംഘം വീണ്ടും വീട്ടിലേക്കെത്തുകയായിരുന്നു. തുടര്‍ന്ന് അവശയായിരുന്ന യുവതിയെ വീടിനടുത്തുള്ള ക്ഷേത്രത്തിന്റെ യാഗശാലയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയശേഷം മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നു. യുവതിയെ ജീവനോടെ കത്തിച്ചശേഷം പ്രതികളെല്ലാം രക്ഷപ്പെട്ടു. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും, പ്രദേശവാസികളായ ഇവര്‍ ഇതിനുമുമ്പും യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ബന്ധുക്കള്‍ പറയുന്നു.