മലയാളി കത്തോലിക്ക സമൂഹത്തിന്റെ മുന്‍ ചാപ്ലയിന്‍ ഫാ. ചാണ്ടി കളപ്പുരയില്‍ വി.സി നിര്യാതനായി

വിയന്ന: ഓസ്ട്രിയയിലെ മലയാളി കത്തോലിക്ക സമൂഹത്തിന്റെ ചാപ്ലയിന്‍ ആയിരുന്ന ഫാ. ചാണ്ടി കളപ്പുരയില്‍ വി.സി (76) നിര്യാതനായി. കോട്ടയം കാരിത്താസ് ഹോസ്പിറ്റലില്‍ ആയിരുന്നു അന്ത്യം.

1987-1993 കാലഘട്ടത്തിലായിരുന്നു ഫാ. ചാണ്ടി വിയന്ന മലയാളി സമൂഹത്തില്‍ സേവനം അനുഷ്ഠിച്ചത്. രണ്ടാം തലമുറയ്ക്ക് വേണ്ടി വിയന്നയില്‍ മലയാളം ക്‌ളാസുകള്‍ ആരംഭിച്ചത് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ആയിരുന്നു.

വിന്‍സെന്‍ഷ്യന്‍ സഭയുടെ സെന്റ് ജോസഫ് പ്രൊവിന്‍സ് അംഗവും, വില്ലൂന്നി സെന്റ് സേവിയേഴ്സ് ഇടവകാംഗവുമാണ് അന്തരിച്ച ഫാ. ചാണ്ടി. സംസ്‌കാര ശുശ്രുഷകള്‍ ജൂലൈ 18ന് രാവിലെ പത്ത് മണിക്ക് കോട്ടയം അടിച്ചിറ വിന്‍സെന്‍ഷ്യന്‍ ആശ്രമദേവാലയത്തില്‍ (Paritrana Retreat Centre, Adichira, Kottayam) വി. കുര്‍ബാനയോടുകൂടി നടക്കും.

കളപ്പുരയില്‍ പരേതരായ ഔസേപ്പ്-റോസാ എന്നിവര്‍ മാതാപിതാക്കളും, മറിയക്കുട്ടി, പരേതയായ അന്നമ്മ, കെ.ജെ തോമസ്, കെ. ഒ. ഏലിക്കുട്ടി എന്നിവര്‍ സഹോദരങ്ങളുമാണ്.