കപ്പടിച്ചത് ഫ്രാന്‍സ് ; അഭിനന്ദനം പുതുച്ചേരിക്ക് ; കിരണ്‍ ബേദിയുടെ ട്വീറ്റിനെതിരെ പ്രതിഷേധം
ലോകകപ്പില്‍ ഫ്രാന്‍സ് കിരീടം നേടിയതിനു പുതുച്ചേരിക്കാരെ അഭിനന്ദിച്ച പുതുച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദിക്ക് എതിരെ സോഷ്യല്‍ മീഡിയ. ഫ്രാന്‍സിന്റെ വിജയത്തില്‍ മുന്‍ ഫ്രഞ്ച് കോളനിക്ക് പ്രത്യേക അഭിനന്ദനമറിയിച്ച കിരണ്‍ ബേദിയുടെ നിലപാടിനെതിരെയാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രതിഷേധമുയര്‍ന്നത്.
‘നമ്മള് പുതുച്ചേരിക്കാര്‍ (മുന്‍ ഫ്രഞ്ച് കോളനി) ലോകകപ്പില്‍ ജയിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍ സുഹൃത്തുക്കളെ’ എന്നായിരുന്നു ഫ്രാന്‍സ് ജയിച്ചയുടനെ കിരണ്‍ ബേദിയുടെ ട്വീറ്റ്. എന്നാല്‍ ഇന്ത്യക്കാര്‍ എന്നത് വിട്ട് മുന്‍ ഫ്രഞ്ച് കോളനിക്കാരായ പുതുച്ചേരിക്കാര്‍ ഫ്രാന്‍സ് ജയത്തില്‍ സന്തോഷിക്കു എന്ന കിരണ്‍ ബേദിയുടെ പ്രസ്താവന സോഷ്യല്‍ മീഡിയയെ ചൊടിപ്പിച്ചു.
നിങ്ങളെ പോലെ സമൂഹത്തില്‍ ബഹുമാനിക്കപ്പെടുന്ന ഒരാളുടെ ഭാഗത്തു നിന്ന് ഇത്തരത്തിലൊരു വീഴ്ച പ്രതീഷിച്ചില്ലെന്നാണ് ട്വിറ്ററാറ്റികള്‍ പറയുന്നത്. ‘ഞങ്ങള്‍ ഇന്ത്യക്കാരാണ് മാഡം. പബ്ലിസിറ്റിക്കു വേണ്ടിയുള്ള കോപ്രായങ്ങള്‍ ഒന്നു നിര്ത്തു’, ‘ഫ്രഞ്ചിനോട് ഇത്തരത്തില്‍ അടിമത്തം കാണിച്ചുകൊണ്ടല്ല ഫ്രാന്‍സിന്റെ ലോകകപ്പ് ജയം ആഘോഷിക്കേണ്ടത്, ഇംഗ്ലണ്ട് ജയിച്ചിരുന്നെങ്കില്‍ മുന്‍ ബ്രിട്ടീഷ് കോളനിയായ ഇന്ത്യയെ അഭിനന്ദിക്കുമായിരുന്നോയെന്നും മറ്റും നീളുന്നു ട്വീറ്റിലെ കമന്റുകള്‍. ട്വീറ്റ് പിന്‍വലിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്.