ഇതായിരിക്കണം ഭരണാധികാരി എന്ന് തെളിയിച്ച് ക്രൊയേഷ്യന്‍ പ്രസിഡന്റ്

ലുഷ്നിക്കി : ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനോട് തോറ്റ് എങ്കിലും ഫുട്ബോള്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ട ടീമായി മാറിയിരിക്കുകയാണ് ക്രൊയേഷ്യ. പ്രതിസന്ധികളേയും വെല്ലുവിളികളേയും ആട്ടിയോടിച്ച് ഫൈനലിലെത്തിയ ക്രെയേഷ്യന്‍ ടീം ഫ്രഞ്ച് വിപ്ലവത്തിന് മുന്നില്‍ ഇടറിവീണപ്പോള്‍ താരങ്ങളെ കുറ്റപ്പെടുത്തുവാനും അവരുടെ കോലം കത്തിക്കുവാനും ഒരു ക്രൊയേഷ്യക്കാരനും തെരുവില്‍ ഇറങ്ങിയില്ല. അതുപോലെ കളി തോറ്റ വിഷമത്തില്‍ നിറകണ്ണുകളുമായി നിന്ന താരങ്ങളെ അമ്മയെ പോലെ ആശ്വസിപ്പിക്കുകയാണ് ആ രാജ്യത്തെ പ്രസിഡന്റ് കൊലിന്റ ഗ്രബാര്‍ കിറ്ററോവിച്ച് ചെയ്തത്.

മത്സരം തുടങ്ങുമ്പോള്‍ തന്നെ സെമിയിലേത് പോലെ ടീമിന് പ്രചോദനമായി ഗ്യാലറിയിലെത്തിയിരുന്നു അവര്‍. ടീമിന്റെ മുന്നേറ്റത്തില്‍ ആര്‍പ്പ് വിളിച്ചും ഇടര്‍ച്ചയില്‍ നിരാശ പ്രകടിപ്പിച്ചും ഗ്യാലറിയില്‍ അവര്‍ നിറഞ്ഞ് നിന്നു. ഒടുവില്‍ ക്രൊയേഷ്യ ഇടറിവീണപ്പോള്‍ താരങ്ങളെ ചേര്‍ത്ത് പിടിച്ച് നിങ്ങളാണ് ഈ രാജ്യത്തിന്റെ അഭിമാനമെന്ന് പറയാന്‍ അവര്‍ക്ക് മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല. ക്രൊയേഷ്യന്‍ സൂപ്പര്‍ താരം മോഡ്രിച്ചിനെ ആശ്വസിപ്പിക്കുന്ന കൊലിന്റ ഗ്രബാര്‍ കിറ്ററോവിച്ചിന്റെ ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായികഴിഞ്ഞു.

പ്രസിഡന്റായാല്‍ ഇങ്ങനെ വേണം. രാജ്യം ആഹ്ലാദിക്കുമ്പോള്‍ പ്രോട്ടോക്കോള്‍ മറന്ന് ആനന്ദ നൃത്തമാടണം. സങ്കടപ്പെടുമ്പോള്‍ അവരെ ചേര്‍ത്ത് പിടിച്ച് ആശ്വസിപ്പിക്കണം, അവരിലൊരാളാവണം. ഇന്നലെ മുതല്‍ സോഷ്യല്‍ മീഡിയ അവരെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ്. ക്രൊയേഷ്യന്‍ പ്രസിഡന്റിനെ കൂടാതെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവില്‍ മാക്രോണും ഫൈനല്‍ കാണാന്‍ ഗ്യാലറിയില്‍ ഉണ്ടായിരുന്നു. ചുറ്റും അംഗരക്ഷകരുമായി നടക്കുന്ന നമ്മുടെ ഭരണാധികാരികള്‍ക്ക് സ്വപ്നം പോലും കാണുവാന്‍ കഴിയാത്തതായിരുന്നു ക്രൊയേഷ്യന്‍ പ്രസിഡന്റ് കാണിച്ചു തന്നതും.