പലസ്തീന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചു മറഡോണ

മോസ്‌കോ : പലസ്തീന് പരസ്യ പിന്തുണയുമായി ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ രംഗത്ത്. പലസ്തീന്‍ പ്രസിഡന്‍റ് മഹമ്മൂദ് അബ്ബാസിനെ കെട്ടിപ്പിടിച്ചായിരുന്നു ‘എന്റെ മനസ്സ് പലസ്തീനികളുടെതാണ്’ എന്ന് മറഡോണ പ്രഖ്യാപിച്ചത്. ഫുട്‌ബോള്‍ ലോകകപ്പ് ഫൈനലിനിടേയാണ് മറഡോണയും അബ്ബാസും കണ്ടുമുട്ടിയത്. നേരത്തെ പലസ്തീനികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ ടീം ഇസ്രായേലുമായുളള സൗഹൃദ മത്സരം ഉപേക്ഷിച്ചതും വലിയ വാര്‍ത്തയായിരുന്നു. ഇതിനു പിന്നാലെയാണ് മറഡോണയുടെ പിന്തുണ വന്നിരിക്കുന്നത്.

ഫലസ്തീന്‍ വിഷയത്തില്‍ ആദ്യമായാണ് ഒരു ഫുട്ബോള്‍ പ്രതിഭ ഇത്തരത്തില്‍ പ്രതികരിക്കുന്നത്. ‘ഞാനൊരു പലസ്തീനിയാണ്. പലസ്തീനിലെ സമാധാനമാണ് ഈ മനുഷ്യന്‍ ആഗ്രഹിക്കുന്നത്. പലസ്തീന്റെ പ്രസിഡന്റായ അദ്ദേഹത്തിന്റെ ആഗ്രഹം അങ്ങേയറ്റത്തെ ശരി’ മഹമൂദ് അബ്ബാസുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം മറഡോണ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അബ്ബാസുമായി നടത്തിയ കൂടിക്കാഴ്ചയുടെ വീഡിയോ മറഡോണ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോ അറബ് ലോകത്തും ഇസ്രായേലിലും വ്യാപകമായി പ്രചരിക്കുകയാണ്.

‘അബ്ബാസിന് ഒരു രാജ്യമുണ്ട്. ആ രാജ്യത്തിന് ഒരു അവകാശവുമുണ്ട്’. മറഡോണ കൂട്ടിച്ചേര്‍ത്തു. തുടര്‍ന്ന് മറഡോണക്ക് നന്ദിയര്‍പ്പിച്ച് അബ്ബാസ് അദ്ദേഹത്തിന് ഒലീവ് ശാഖകള്‍ വഹിക്കുന്ന പ്രാവുകളുടെ ചിത്രമടങ്ങിയ പെയിന്റിങ് സമ്മാനമായി നല്‍കുകയും ചെയ്തു.