കുമ്പസാര ബ്ലാക്ക്മെയിലിംഗ് പീഡനം ; വൈദികരുടെ അറസ്റ്റ് തടഞ്ഞ് സുപ്രീംകോടതി
കുമ്പസാരം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിച്ച ഓര്‍ത്തഡോക്സ് സഭാ വൈദികരുടെ അറസ്റ്റ് സുപ്രീംകോടതി തടഞ്ഞു. കേസ് അടുത്ത ദിവസം പരിഗണിക്കുന്നതുവരെ വൈദികരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു. പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റിയ പശ്ചാത്തലത്തിലാണ് കോടതിയുടെ ഉത്തരവ്. വൈദികരായ ജോബ് മാത്യു ,ജോണ്‍സണ്‍ വി.മാത്യു എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റിപ്പോഴാണ് സുപ്രീം കോടതി ഈ ഉത്തരവിട്ടത്.
ബലാല്‍സംഗക്കേസില്‍ പ്രതികളായ രണ്ട് വൈദികരുടെ അറസ്റ്റ് വൈകുന്നുവെന്ന ആക്ഷേപം ശക്തമാകുന്നതിനിടെയാണ് സുപ്രീംകോടതി ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. ഇരയായ വീട്ടമ്മയോട് വേട്ടമൃഗത്തെപ്പോലെ പെരുമാറിയെന്നതടക്കമുള്ള ഹൈക്കോടതിയുടെ രൂക്ഷപരാമര്‍ശങ്ങള്‍ നീക്കണമെന്നും ബലാല്‍സംഗം ചെയ്തുവെന്ന വാദം തെറ്റാണെന്നും ചൂണ്ടിക്കാട്ടിയാണ് വൈദികര്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
നേരത്തെ വൈദികര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഫാ. എബ്രഹാം വര്‍ഗീസ്, ഫാ.ജെയ്‌സ് കെ ജോര്‍ജ്, ഫാ. ജോബ് മാത്യു എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടത് അനിവാര്യമെന്ന് കോടതി നിരീക്ഷിച്ചു. കേസ് ഡയറി വിശദമായി പരിശോധിച്ചതായും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പര്യാപ്തമായ വസ്തുതകള്‍ കേസ് ഡയറിയിലുണ്ടെന്നും സുപ്രീംകോടതി മാനദണ്ഡങ്ങളും പ്രതികളുടെ ആവശ്യങ്ങള്‍ക്കെതിരാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഈ വിധികള്‍ അപ്പാടെ തള്ളിയാണ് സുപ്രീംകോടതി പുതിയ നിര്‍ദേശം മുന്നോട്ട് വച്ചിരിക്കുന്നത്.
37-ാമത്തെ കേസായാണ് വൈദികരുടെ പീഡനക്കേസ് കോടതിയില്‍ എത്തിയത്. എന്നാല്‍, സമയകുറവ് പരിഗണിച്ച് കേസ് വ്യാഴാഴ്ചയിലേക്ക് മാറ്റുകയായിരുന്നു. സ്ത്രീയുമായി ഉഭയകക്ഷി സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമായിരുന്നു വൈദികര്‍ക്ക് ഉണ്ടായിരുന്നതെന്നും അതിനാല്‍ ബലാല്‍സംഗം എന്ന വാദം നിലനില്‍ക്കില്ലെന്നുമാണ് വൈദികരുടെ അഭിഭാഷകര്‍ കോടതിയില്‍ വാദിച്ചത്.
പീഡനകേസില്‍ ആരോപണവിധേയരായ രണ്ട് വൈദികര്‍ കീഴടങ്ങിയിരുന്നു. പിന്നീട് പിടിയിലാകാനുള്ള വൈദികര്‍ക്കായി അന്വേഷണ സംഘം തിരച്ചില്‍ വ്യാപകമാക്കുകയായിരുന്നു. ഇതേതുടര്‍ന്നാണ് ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചത്. 1999ല്‍ വിവാഹവാഗ്ദാനം നല്‍കിയാണ് ഒന്നാംപ്രതി പീഡിപ്പിച്ചതെന്നാണ് യുവതിയുടെ പരാതി. പിന്നീട് കുമ്പസാര രഹസ്യത്തിന്റെ പേരിലും മറ്റും ഭീഷണിപ്പെടുത്തി മറ്റു പ്രതികളും പീഡിപ്പിച്ചു.