അഭിമന്യുവിന്റെ കൊലപാതകം ; സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതക കേസില്‍ സര്‍ക്കാരിനു കോടതിയുടെ രൂക്ഷവിമര്‍ശനം. കൊലപാതകം ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ലെന്നാണ് ഹൈക്കോടതി പറഞ്ഞത്. സര്‍ക്കാര്‍ കോളജില്‍ കൊലപാതകം നടന്നത് ദുഃഖകരമാണ്. ആശയപ്രചാരണമാകാം എന്നാല്‍, അടിച്ചേല്‍പ്പിക്കല്‍ നടപ്പാക്കരുതെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
കലാലയ രാഷ്ട്രീയത്തില്‍ കൊലപാതകം അനുവദിക്കില്ല. അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്നാണ് കോടതിയില സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍ വാദം തുടങ്ങിയപ്പോള്‍ തന്നെ സര്‍ക്കാരിന്റെ ഈ നിലപാട് ഹൈക്കോടതി തള്ളി. ക്യാമ്പസ് രാഷ്ട്രീയത്തില്‍ പല തവണ സക്കാരിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നുവെന്ന് ഹൈക്കോടതി വ്യക്തമാക്കി.
ഓരോ വ്യക്തിക്കും കാമ്പസില്‍ ആശയപ്രചരണം നടത്താം. എന്നാല്‍, സമരപരിപാടികളും ധര്‍ണകളും പ്രതിഷേധങ്ങളും കോളേജിനുള്ളില്‍ അനുവദിക്കാനാകില്ല. അങ്ങനെ വന്നാല്‍ അത് മറ്റൊരാളുടെ മേല്‍ തങ്ങളുടെ രാഷ്ട്രീയം അടിച്ചേല്‍പ്പിക്കുന്നതായി മാറും. അത് ഒരുവിധത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ മുന്‍കാലത്തെ വിധി നടപ്പാക്കാത്തതിന്റെ പരിണത ഫലമാണ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ എത്തിനില്‍ക്കുന്നതെന്നും കോടതി വ്യക്തമാക്കി.
കേരളത്തിലെ കലാലയങ്ങളില്‍ രാഷ്ട്രീയം നിയന്ത്രിക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നേരത്തെ തന്നെ നിലപാട് വ്യക്തമാക്കിയിരുന്നത്. മഹാരാജാസിലെ അഭിമന്യു കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ക്യാമ്പസ് രാഷ്ട്രീയം നിരോധിക്കണമെന്ന ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്.
അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമാണെന്നും അതിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥി സംഘടനകളോ രാഷ്ട്രീയമോ വിലക്കാനോ, നിയന്ത്രിക്കാനോ കഴിയില്ലെന്നുമായിരുന്നു സര്‍ക്കാര്‍ നിലപാട്. കലാലയത്തിനകത്തും പുറത്തും നടക്കുന്ന കൊലപാതകങ്ങള്‍ തമ്മില്‍ വ്യത്യാസമില്ലെന്ന് അന്നു കോടതി വ്യക്തമാക്കിയിരുന്നു. അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമായി കാണണമെന്നും അതിന്റെ പേരില്‍ കേരളത്തിലെ കാമ്പസുകളില്‍ രാഷ്ട്രീയം പൂര്‍ണമായും നിരോധിക്കാന്‍ പാടില്ലെന്നുമാണ് സര്‍ക്കാര്‍ നിലപാട്.