കിടപ്പാടത്തിനു വേണ്ടി സമരം ചെയ്ത വീട്ടമ്മയെ അറസ്റ്റ് ചെയ്തു കേരളാ പോലീസ്
തന്‍റെ വീടും സ്ഥലവും ജപ്തി ചെയ്യാതിരിക്കാനായി ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിന്റെ [ഡിആര്‍ടി] ഓഫീസിനു മുന്നില്‍ സമരത്തിനെത്തിയ കൊച്ചിയിലെ വീട്ടമ്മയെ അറസ്റ്റ് ചെയ്തു. സുഹൃത്തിന് ജാമ്യം നിന്നതിന്റെ പേരില്‍ സ്വന്തം വീടും സ്ഥലവും നഷ്ട്ടപ്പെടാതിരിക്കാന്‍ സമരത്തിന് തയ്യാറായ പ്രീത ഷാജി ഉള്‍പ്പെടെ പന്ത്രണ്ടു പേരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. ജപ്തി നടപടി തടസ്സപ്പെടുത്തിയതിനാണ് ഇവരെ അറസ്റ്റു ചെയ്ത് നീക്കിയത് എന്നാണു പോലീസ് ഭാഷ്യം.
രണ്ടു ദിവസം നീണ്ടുനില്‍ക്കുന്ന രാപകല്‍ സമരമായിരുന്നു ആഹ്വാനം ചെയ്തിരുന്നത്. പനമ്പള്ളി നഗറിലെ ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിനു മുന്നിലായിരുന്നു സമരം ചെയ്യാന്‍ തീരുമാനിച്ചത്. പ്രതിഷേധ സമരം തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് സമരക്കാരെ അറസ്റ്റുചെയ്തത്.
പ്രീതയും കുടുംബവും താമസിക്കുന്ന വീട് ജപ്തി ചെയ്യാന്‍ കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി വീണ്ടും അനുവാദം കൊടുത്തത്. മൂന്ന് ആഴ്ചക്കുള്ളില്‍ ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നു. ബാങ്ക് ലേലത്തില്‍ വിറ്റ സ്ഥലം വാങ്ങിയ ആളാണ് കോടതി അലക്ഷ്യം ചൂണ്ടിക്കാട്ടി ഹര്‍ജി സമര്‍പ്പിച്ചതും അനുകൂല വിധി സമ്പാദിച്ചതും.
വര്‍ഷങ്ങളായി എച്ച്ഡിഎഫ്സി ബാങ്കും പ്രീത ഷാജിയും തമ്മിലുള്ള നിയമ യുദ്ധങ്ങള്‍ തുടങ്ങിയിട്ട്. മാനത്തുംപാടത്തെ രണ്ടര കോടി രൂപയ്ക്ക് മുകളില്‍ മൂല്യമുള്ള വീടും സ്ഥലവും 35 ലക്ഷം രൂപയ്ക്കാണ് എച്ച്ഡിഎഫ്സി ബാങ്ക് ലേലത്തില്‍ വിറ്റത്. സുഹൃത്തിന് ജാമ്യം നിന്നതിന്റെ പേരില്‍ വീടും സ്ഥലവും നഷ്ടപ്പെടുമെന്ന അവസ്ഥ വന്നപ്പോള്‍ വീടിന് മുന്നില്‍ ചിതയൊരുക്കിയാണ് പ്രീതാ ഷാജി സമരം ചെയ്തിരുന്നത്.
ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. പ്രീതയുടെ പ്രതിഷേധത്തിന് നാട്ടുകാരുടെ പിന്തുണയുമുണ്ടായിരുന്നു. സാമൂഹിക പ്രവര്‍ത്തകരും ധനമന്ത്രി തോമസ് ഐസക്കും അന്ന് പിന്തുണ അറിയിച്ച് രംഗത്തു വന്നിരുന്നു എങ്കിലും അതിനു ശേഷം ആരും സഹായിച്ചില്ല എന്ന് പ്രീതി പറയുന്നു.