കാല ഫലം കണ്ടില്ല ; രജനിയുടെ പാര്‍ട്ടിയില്‍ ചേരാന്‍ ആളില്ല

സൂപ്പര്‍സ്റ്റാര്‍ എന്നൊക്കെ പറഞ്ഞിട്ട് ഒരു കാര്യവുമില്ല എന്ന് മനസിലായിരിക്കുകയാണ് രജനികാന്തിനും സംഘത്തിനും. ജനങ്ങളെ തന്നിലേയ്ക്ക് കൂടുതല്‍ അടുപ്പിക്കാന്‍ കാല പോലുള്ള സിനിമകള്‍ പടച്ചു വിട്ടു എങ്കിലും ആ സിനിമ പോലും ജനങ്ങള്‍ തഴയുകയായിരുന്നു എന്നതാണ് സത്യം. ഗ്രാമീണമേഖലകളില്‍ ചുവടുറപ്പിക്കാന്‍ രജനിയും കൂട്ടരും പ്രയാസപ്പെടുകയാണെന്ന് പാര്‍ട്ടികള്‍ക്കുള്ളില്‍ നിന്നുതന്നെയുള്ള സൂചനകള്‍ വ്യക്തമാക്കുന്നു.

2017 ഡിസംബറില്‍ രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ച രജനികാന്ത് ഇനിയും തന്റെ പാര്‍ട്ടി പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും രജനിഫാന്‍സിന്റെ സംഘടനയായ രജനി മക്കള്‍ മണ്ട്രത്തിന്റെ നേതൃത്വത്തില്‍ വിപുലമായ ക്യാമ്പയിനുകളാണ് നടക്കുന്നത്. തമിഴ്‌നാട്ടില്‍ 65,000 പോളിംഗ് ബൂത്തുകളാണുള്ളത്. ഇതില്‍ 37,000 ഇടങ്ങളില്‍ മാത്രമേ തങ്ങള്‍ക്ക് യൂണിറ്റുകള്‍ രൂപീകരിക്കാനായിട്ടുള്ളെന്ന് രജനി മക്കള്‍ മണ്ട്രം നേതാവ് രജിനി ഗുപേന്ദ്രന്‍ പറയുന്നു.

ജനങ്ങളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ നിരവധി പദ്ധതികളാണ് തങ്ങള്‍ ആവിഷ്‌കരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറയുന്നു. താഴേത്തട്ടില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താത്തതാണ് പിന്നാക്കാവസ്ഥയ്ക്ക് കാരണമെന്നും പാര്‍ട്ടിയില്‍ അഭിപ്രായമുണ്ട്. അതേസമയം ബിജെപിയോടുള്ള രജനിയുടെ മൃദു സമീപനവും അടുത്തകാലത്ത് തമിഴ് നാട്ടില്‍ ഉണ്ടായ സാമൂഹികപ്രശ്നങ്ങളില്‍ നിന്നും തല തിരിച്ചതും എല്ലാം ജനങ്ങള്‍ക്ക് താരത്തിനോടുള്ള മതിപ്പ് കുറയുന്നതിന് കാരണമായിക്കഴിഞ്ഞു. എന്നാല്‍ രജനി മാത്രമല്ല ഉലകനായകന്‍ കമല്‍ഹാസന്റെ പാര്‍ട്ടിയുടെ കാര്യവും സുഖമമല്ല എന്നാണു റിപ്പോര്‍ട്ട് പറയുന്നത്.

2018 ഫെബ്രുവരിയില്‍ നിലവില്‍ വന്ന കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യത്തിന്റെ അവസ്ഥയും വ്യത്യസ്തമല്ല. രജനി മക്കള്‍ മണ്ട്രം തങ്ങള്‍ക്കിതുവരെ 50 ലക്ഷത്തോളം അംഗങ്ങളുണ്ടെന്ന് പറയുന്നു. എന്നാല്‍,അക്കാര്യത്തിലും മക്കള്‍ നീതി മയ്യത്തിന്റെ അവസ്ഥ പരുങ്ങലിലാണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ഗ്രാമപ്രദേശങ്ങളില്‍ അണികളില്ലാതെ തങ്ങള്‍ ബുദ്ധിമുട്ടുകയാണെന്ന് മക്കള്‍ നീതി മയ്യത്തിന്റെ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത നേതാവ് പറഞ്ഞു.

താരമൂല്യം രാഷ്ട്രീയത്തിലും തിളങ്ങാന്‍ സഹായകമാകുമെന്ന സൂപ്പര്‍താരങ്ങളുടെ കണക്ക് കൂട്ടല്‍ തമിഴകത്തിന്റെ ഗ്രാമീണമേഖലകളില്‍ പൂര്‍ണമായും തെറ്റിയതായാണ് പാര്‍ട്ടിവൃത്തങ്ങളെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് തയ്യാറാക്കിയ റിപ്പോര്‍ട്ട് പറയുന്നത്. എഐഡിഎംകെയ്ക്കും ഡിഎംകെയ്ക്കും അധീശത്വമുള്ള തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പയറ്റിത്തെളിയാന്‍ കമലിനോ രജനിക്കോ കഴിയില്ലെന്ന സൂചനകളാണ് പാര്‍ട്ടി അണികള്‍ തന്നെ നല്‍കുന്നത്.

തങ്ങളുടെ പാര്‍ട്ടികളില്‍ ചേരുന്നതില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാന്‍ ഡിഎംകെയും എഐഡിഎംകെയും പരമാവധി ശ്രമിക്കുന്നത് കൊണ്ടാണ് പ്രതിസന്ധിയെന്ന് കമലും രജനിയും പറയുന്നുണ്ടെങ്കിലും സത്യം അതല്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.