അഭിമന്യു വധം ; മുഖ്യപ്രതി പോലീസ് പിടിയില്‍
മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തിലെ മുഖ്യപ്രതി പൊലീസ് പിടിയില്‍. ക്യാമ്പസ് ഫ്രണ്ട് മഹാരാജാസ് കോളജ് യൂണിറ്റ് പ്രസിഡന്റ് കൂടിയായ മുഹമ്മദ് ആണ് പിടിയിലായത്. കര്‍ണാടക അതിര്‍ത്തിയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കൊലപാതകം നടക്കുന്ന ദിവസം രാത്രിയില്‍ അഭിമന്യുവിനെ കോളേജിലേക്ക് വിളിച്ചുവരുത്തിയത് മുഹമ്മദ് ആണ്.
പ്രതിയെ കൊച്ചിയിലേക്ക് കൊണ്ടുവരുന്നു. പ്രതിപട്ടികയിലുള്ള മറ്റ് നാലുപേര്‍ കൂടി പോലീസ് കസ്റ്റഡിയില്‍ ഉണ്ട്. പത്ത് പേര് കൊലപാതകത്തില്‍ ഉള്‍പെട്ടിട്ടുണ്ടെങ്കിലും ഇതില്‍ നാല് പേര് മാത്രമാണ് കൊലപാതകത്തില്‍ നേരിട്ടു പങ്കെടുത്തത്. മറ്റുള്ളവര്‍ കൊലപാതകത്തിന് കൂട്ടു നിന്നവരാണ്.
കഴിഞ്ഞദിവസം അറസ്റ്റിലായ ആദില്‍ എന്നയാളെ ചോദ്യംചെയ്തതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യപ്രതിയായ മുഹമ്മദിനെ പോലീസ് പിടികൂടിയത്. മറ്റുപ്രതികളെ കാമ്പസിലേക്ക് വിളിച്ചു വരുത്തിയതും ഇയാളാണ്. കൊലപാതകം ആസൂത്രണം ചെയ്തവരില്‍ കൈവെട്ട് കേസിലെ പ്രതിയും ഉണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കൈവെട്ട് കേസിലെ പ്രതിയായ മനാഫിന് ഗൂഢാലോചനയില്‍ മുഖ്യപങ്കുള്ളതായി സര്‍ക്കാര്‍ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചു.
മനാഫ് കൈവെട്ട് കേസിലെ 13-ാം പ്രതിയാണ്. പ്രതികളെ കൃത്യം നടത്തിയതിന് ശേഷം രക്ഷപ്പെടാന്‍ സഹായിച്ചത് പള്ളുരുത്തി സ്വദേശി ഷമീറാണ്. ഇരുവരും ഒളിവിലാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി
അന്വേഷണത്തെ തടസ്സപ്പെടുത്തുന്നതിന് എസ് ഡിപിഐ ശ്രമിക്കുന്നതായി സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. അതേസമയം, പൊലീസ് വേട്ടയാടുന്നതായി ചൂണ്ടിക്കാട്ടി എസ്ഡിപിഐ പ്രവര്‍ത്തകര്‍ നല്കിയ മൂന്നു ഹര്‍ജികളും ഹൈക്കോടതി തള്ളി.
നേരത്തെ അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമായി കാണാനാകില്ലെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. കേസില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി ഉന്നയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ കോളജില്‍ കൊലപാതകം നടന്നത് ദുഃഖകരമാണ്. ആശയപ്രചാരണമാകും എന്നാല്‍, അടിച്ചേല്‍പ്പിക്കല്‍ നടപ്പാക്കരുതെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.