വാഹനാപകടത്തില്‍ പരുക്കേറ്റ ആളെ ആശുപത്രിയില്‍ എത്തിച്ച യുവതിക്കെതിരെ കേസ്: രൂക്ഷ വിമര്‍ശനവുമായി കേരള ഹൈക്കോടതി

കൊച്ചി: ചിങ്ങവനം കരിമ്പിന്‍കാല ഷാപ്പിനു മുമ്പില്‍ വാഹനം ഇടിച്ചു തെറിപ്പിച്ചു നിര്‍ത്താതെ പോയ പരിക്ക് പറ്റിയ ആളെ ആശുപത്രിയില്‍ എത്തിച്ച ദീപ്തി മാത്യു എന്ന യുവതിക്കെതിരെ മനഃപൂര്വമല്ലാത്ത നരഹത്യക്ക് കേസ് എടുത്തിനെതിരെ ചിങ്ങവനം പോലീസ് സ്റ്റേഷന്‍ S.H.O അനൂപ് സി നായര്‍ക്ക് എതിരെയാണ് ഹൈക്കോടതി ആഞ്ഞടിച്ചത്.

2017 ഒക്ടോബര്‍ 18ന് തീയതി ഉച്ചകഴിഞ് 3:30 ഓടെ പരാതിക്കാരി ദീപ്തി മാത്യുവും സുഹൃത്തുക്കളായ ആതിര ജോസഫ്, ജാന്നറ്റ് മാത്യു, കീര്‍ത്തി ജയകുമാര്‍ എന്നിവര്‍ ഒരു വിവാഹ സല്‍ക്കാര ചടങ്ങിന് ശേഷം മടങ്ങി വരുന്ന വഴി അവര്‍ക്ക് മുന്‍പ് പോയ വാഹനം ബേബി എന്നൊരാളെ ഇടിച്ചിട്ട പോയതായി മനസിലാക്കുകയും തുടര്‍ന്ന് നാട്ടുകാരും പരാതിക്കാരിയുടെ സുഹൃത്തുക്കളായ യുവതികളും ചേര്‍ന്ന് പരാതികാരിയുടെ വാഹനത്തില്‍ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. എന്നാല്‍ അന്ന് രാത്രിയില്‍ പരിക്ക് പറ്റിയ ആള്‍ മരിച്ചു. ഇതാണ് കേസിന് ആസ്പതമായ സംഭവം.

ആശുപത്രിയില്‍ എത്തിച്ചു പ്രഥമ ചികിത്സയ്ക്കു വേണ്ട സഹായങ്ങള്‍ ചെയ്ത യുവതിയെയും സുഹൃത്തുക്കളെയും പോലീസ് അഭിനന്ദിക്കുകയും പറഞ്ഞയക്കുകയും ചെയ്തു. എന്നാല്‍ പിറ്റേദിവസം രാവിലെ ചിങ്ങവനം പോലീസ് സ്റ്റേഷന്‍ എസ.ഐ അനൂപ് സി നായര്‍ പരാതിക്കാരിയെ സ്റ്റേഷനില്‍ വിളിപ്പിക്കുകയും, പരാതിക്കാരിയുടെ വാഹനം ഇടിച്ചാണ് രോഗി മരണപ്പെട്ടത് എന്ന് വരുത്തി പരാതികാരിയെ അറസ്റ്റ് ചെയ്ത് വാഹനം കസ്റ്റഡിയില്‍ എടുത്തു. തുടര്‍ന്ന് പരാതിക്കാരി, കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടും അന്വേഷണം ശരിയായി നടക്കാത്തതിനാലാണ് പരാതിക്കാരി ഹൈകോടതിയെ സമീപിച്ചത്.

ഹര്‍ജി പരിഗണിക്കവേ യുവതിയുടെ വാഹനത്തില്‍ യാതൊരു തരത്തില്‍ ഉള്ള പോറല്‍ പോലും ഇല്ല എന്ന ട്രാന്‍സ്‌പോര്‍ട് ഉദ്യോഗസ്ഥരുടെ റിപ്പോര്‍ട്ട് ശ്രദ്ധിക്കപ്പെട്ട കോടതി അന്വേഷണത്തില്‍ വന്‍ വീഴ്ച ഉണ്ടെന്നും നിരീക്ഷിച്ചു. വാഹനത്തില്‍ കൂടെ യാത്ര ചെയ്ത യുവതികളുടെ മൊഴി അന്തിമ റിപ്പോര്‍ട്ടില്‍ കാണാത്തതും അന്വേഷണ വീഴ്ച ആയി ഹൈക്കോടതി ജസ്റ്റിസ് എബ്രഹാം മാത്യു നീരിക്ഷിച്ചു. അതേസമയം കേസിന്റെ പുനരന്വേഷണം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി നടത്തണമെന്നും പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം എന്ന് ഹൈക്കോടതി ഉത്തരവിട്ടു.

പരുക്ക് പറ്റിയ ആളെ ആശുപത്രിയില്‍ എത്തിക്കുന്ന ആളെ കേസില്‍ സാക്ഷി പോലും ആക്കരുത് എന്ന സംസ്ഥാന പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍ നിലനില്‍കെ പോലീസ് ഉദ്യോഗസ്ഥരുടെ ഇത്തരത്തിലുള്ള പ്രവണത ഗൗരവമായി കണക്കാക്കണമെന്നും ഹൈക്കോടതി നീരിക്ഷിച്ചു. കേസില്‍ അഡ്വ. തോമസ് ആനക്കല്ലുങ്കല്‍ ഹാജരായി.