നടന്നത് പീഡനമല്ല ; എല്ലാം പരസ്പര സമ്മതത്തോടെയെന്ന് വൈദികന്‍

വൈദികര്‍ ഉള്‍പ്പെട്ട കുമ്പസാര പീഡനക്കേസില്‍ യുവതിയെ പീഡിപ്പിച്ചിട്ടില്ല എന്നും നടന്നത് പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമെന്നും കേസിലെ നാലാംപ്രതിയായ വൈദികൻ. ഡൽഹി ഭദ്രാസനത്തിലെ ജനക്പുരി പള്ളിയുടെ അസിസ്റ്റന്റ് വികാരി ഫാ. ജെയ്സ് കെ. ജോർജിന്റെതാണ് വെളിപ്പെടുത്തൽ. സുപ്രീംകോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിലാണ് ഇക്കാര്യം പറയുന്നത്. യുവതിയുടെ കുടുംബത്തെ വർഷങ്ങളായി അറിയാം. യുവതിയുമായി ഒന്നിലേറെത്തവണ പരസ്പരസമ്മതത്തോടെ ബന്ധത്തിലേർപ്പെട്ടിട്ടുണ്ട്.

ആരുടെയോ ഭീഷണിയുടെ പുറത്താണ് പീഡിപ്പിച്ചെന്ന് മൊഴി നൽകിയത്. കുമ്പസാര വിഷയങ്ങൾ യുവതി പങ്കുവെച്ചിട്ടില്ലെന്നും ഫാദര്‍ പറയുന്നു. കുമ്പസാര രഹസ്യം മറയാക്കി കേസിലെ രണ്ടാം പ്രതി ഫാ. ജോബ് മാത്യു പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. മാനസിക പിരിമുറക്കത്തിലായതോടെ കൗൺസലിങ്ങിനായി ഫാ. ജെയ്സിനെ സമീപിച്ചു. സംഭവിച്ച കാര്യങ്ങൾ ഇയാളോട് പങ്കുവെച്ചു. ഇതിനുശേഷമാണ് ഇയാൾ ലൈംഗിക ചൂഷണം തുടങ്ങിയതെന്നും യുവതി ആരോപിക്കുന്നു.

അതേസമയം സഭാ നിയമങ്ങളനുസരിച്ച് ഫാ. ജെയ്സിന്റെ വെളിപ്പെടുത്തൽ ഗൗരവമായ കുറ്റമാണ്. വിവാഹിതനായ ഇയാൾ മറ്റൊരാളുടെ ഭാര്യയുമായി ബന്ധം പുലർത്തുന്നത് ആജീവനാന്ത വിലക്ക് ലഭിക്കുന്ന ഒന്നാണ്.