ശബരിമലയില്‍ സ്ത്രീകളെ തടയരുത് എന്ന് സുപ്രീംകോടതി

ശബരിമല പൊതുക്ഷേത്രമെങ്കില്‍ ആരാധനയ്ക്ക് പുരുഷനും സ്ത്രീക്കും തുല്യഅവകാശമെന്ന് സുപ്രീം കോടതി. പൊതുക്ഷേത്രത്തില്‍ സ്ത്രീവിവേചനം പാടില്ലെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പറഞ്ഞു.

പൂജയ്ക്കല്ല, പ്രാര്‍ഥനയ്ക്കുളള അവകാശമാണ് വേണ്ടതെന്ന് ‘ഹാപ്പി ടു ബ്ലീഡ്’ സംഘടന അറിയിച്ചു. ആര്‍ത്തവത്തിന്റെ പേരിലുളള വിവേചനം തൊട്ടുകൂടായ്മയായി കാണണമെന്നും ഇവര്‍ കോടതിയില്‍ വാദമുന്നയിച്ചു.

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കേസില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങള്‍ക്കും മേല്‍നോട്ടത്തിനും ദേവസ്വം ബോര്‍ഡ് ഉണ്ടെന്നും സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് നിരീക്ഷിച്ചു. ഇന്ത്യന്‍ യംഗ് ലോയേഴ്സ് അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചു കൊണ്ടാണ് ഇത്തരത്തിലുള്ള ഒരു നിരീക്ഷണം കോടതി നടത്തിയത്. ക്ഷേത്രത്തിലെ നിയമപരമായ കാര്യങ്ങള്‍ മാത്രമാകും പരിശോധിക്കുകയെന്ന് ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി.

എന്നാല്‍, ശബരിമല ക്ഷേത്ര ആചാരങ്ങള്‍ ബുദ്ധമത വിശ്വാസത്തിന്റെ തുടര്‍ച്ചയാണെന്ന് ഹര്‍ജിക്കാരുടെ അഭിഭാഷകന്‍ കോടതിയില്‍ നിലപാട് സ്വീകരിച്ചു. എന്നാല്‍, ഈ വാദങ്ങള്‍ നിലനില്‍ക്കില്ലെന്നും വസ്തുതകള്‍ നിരത്തി അവ കോടതിക്ക് ബോധ്യമാകുന്ന രീതിയില്‍ തെളിയിക്കണമെന്നും സുപ്രീംകോടതി നിലപാട് എടുക്കുകയായിരുന്നു.