പാലിയേക്കര ടോള്‍ പ്ലാസ വിറപ്പിച്ച് പൂഞ്ഞാര്‍ പുലി; ജനങ്ങള്‍ ചെയ്യാന്‍ ആഗ്രഹിച്ചത് ചെയ്തു പിസി(വീഡിയോ)
തൃശൂര്‍ പാലയിക്കര ടോള്‍ പ്ലാസയിലെ പകല്‍ കൊള്ളയ്ക്ക് എതിരെ പ്രതികരിച്ച് പൂഞ്ഞാര്‍ എം എല്‍ എ പി സി ജോര്‍ജ്. ഇന്നലെ രാത്രി 11.30 നാണ് സംഭവം . ഏറെക്കാലമായി വിവാദങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന ഒന്നായി മാറിക്കഴിഞ്ഞു പാലയിക്കര ടോള്‍ പ്ലാസ. ടോള്‍ നിര്‍ത്തലാക്കണം എന്ന് പ്രമുഖര്‍ അടക്കമുള്ളവര്‍ പരസ്യമായി രംഗത്ത് വന്നു ആവശ്യപ്പെട്ടിട്ടും അതൊന്നും ചെവിക്കൊള്ളുവാന്‍ സര്‍ക്കാരോ അധികാരികളോ കൂട്ടാക്കുന്നില്ല. അതുപോലെ പോലീസ് സഹായത്തോടെ യാത്രക്കാരുടെ കഴുത്തില്‍ കത്തിവെക്കുന്ന സമീപനമാണ് ടോള്‍ പ്ലാസ കമ്പനി നടത്തുന്നത്. ഇതിനെതിരെയാണ് പിസി ഇന്നലെ പരസ്യമായി പ്രതികരിച്ചത്.
മലബാര്‍ മേഖലയിലെ പരിപാടികള്‍ കഴിഞ്ഞു ട്രെയിനില്‍ മടങ്ങുവനാണ് ആദ്യം തീരുമാനിച്ചിരുന്നത് എന്നാല്‍ മഴ കാരണം ട്രെയിനുകള്‍ വൈകിയത് കൊണ്ടാണ് റോഡ് മാര്‍ഗം തിരഞ്ഞെടുത്തത് എന്ന് പി സി പറയുന്നു. രാത്രി 11 കഴിഞ്ഞപ്പോള്‍ ടോള്‍ പ്ലാസയില്‍ എത്തി. എന്നാല്‍ അഞ്ചുമിനിറ്റോളം അവിടെ വണ്ടിയുമായി നിന്നിട്ടും അവിടെയുള്ള ആരും തിരിഞ്ഞു പോലും നോക്കിയില്ല. അവസാനം ബാരിക്കേഡ് വലിച്ചെടുത്ത് ദൂരെ എറിഞ്ഞപ്പോള്‍ ആണ് അവര്‍ക്ക് കാര്യം മനസിലായത് എന്നും അവസാനം കാറിലേയ്ക്ക് കയറാന്‍ നേരം പിന്നില്‍ ഉണ്ടായിരുന്ന വാഹനങ്ങളില്‍ ഉള്ളവര്‍ എല്ലാം അടികൊടുക്കു സാറെ എന്നാണ് വിളിച്ചു പറഞ്ഞത് എന്നും പി സി പറയുന്നു. അതിനു പറ്റാത്തതിന്റെ വിഷമം മാത്രമേ തനിക്കുള്ളൂ എന്നും പി സി പറയുന്നു.
അതേസമയം ഒരു ജനപ്രതിനിധി പരസ്യമായി ഇത്തരത്തില്‍ പ്രതികരിക്കാമോ എന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഇതാണ് എന്റെ രീതി എന്നാണു പി സിക്ക് പറയുവാന്‍ ഉള്ളത്. ചില പ്രമുഖ മാധ്യമങ്ങള്‍ സംഭവത്തില്‍ പി സിയെ കുറ്റക്കാരനാക്കി വാര്‍ത്തകള്‍ നല്‍കി എങ്കിലും സോഷ്യല്‍ മീഡിയ മുഴുവന്‍ ഈ വിഷയത്തില്‍ പി സിയുടെ പിന്നില്‍ അണിനിരന്നു കഴിഞ്ഞു.