അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്: സോണിയയുടെ പേരുപറയാന്‍ ഇടനിലക്കാരനുമേല്‍ ബിജെപി സമ്മര്‍ദ്ദമെന്ന് ആരോപണം

വിവാദമായ അഗസ്റ്റ വെസ്റ്റ്‌ലാന്റ് ഹെലിക്കോപ്റ്റര്‍ ഇടപാടില്‍ യുപിഎ അധ്യക്ഷ സോണിയാഗാന്ധിയെ ഉള്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ബോധപൂര്‍വം ശ്രമിക്കുന്നുവെന്ന് ആരോപണം. കേസില്‍ അറസ്റ്റിലായ വിവാദ ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ സ്വാധീനിച്ച് ഇടപാടില്‍ സോണിയയ്ക്ക് പങ്കുണ്ടെന്ന് വരുത്തിത്തീര്‍ക്കാനാണ് ശ്രമം നടകുന്നത് എന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ആരോപിക്കുന്നു.

പ്രതികാര നടപടിയായി പ്രതിപക്ഷത്തിനെതിരെ വ്യാജരേഖകള്‍ ചമയ്ക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇടപെടുന്നത് രാജ്യത്തിന്റെ ചരിത്രത്തിലാദ്യാമായാണെന്നും സുര്‍ജെവാല ആരോപണം ഉന്നയിച്ചു.രണ്ട് ദിവസം മുമ്പാണ് ദുബായിയില്‍ നിന്ന് ക്രിസ്റ്റ്യന്‍ മിഷേല്‍ അറസ്റ്റിലായത്. സോണിയയെക്കുറിച്ച് വ്യാജപ്രസ്താവന നടത്താന്‍ ബിജെപി സര്‍ക്കാരും കേന്ദ്രഏജന്‍സികളും ചേര്‍ന്ന് സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നാണെന്ന് അയാളുടെ അഭിഭാഷകന്റെ വാക്കുകള്‍ വ്യക്തമാക്കുന്നത് എന്നും കോണ്ഗ്രസ് പറയുന്നു.

2007ല്‍ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവരുടെ ആവശ്യങ്ങള്‍ക്കായി ലക്ഷ്വറി ഹെലികോപ്ടറുകള്‍ വാങ്ങാന്‍ ഇറ്റാലിയന്‍ കമ്പനിയുമായി കരാര്‍ ഒപ്പിട്ടത്. 12 ഹെലികോപ്ടറുകള്‍ വാങ്ങാനായിരുന്നു ധാരണ. കരാര്‍ ലഭിക്കാന്‍ ബന്ധപ്പെട്ടവരെ വേണ്ടുംവിധം കാണേണ്ടിവന്നെന്ന അഗസ്റ്റ വെസ്റ്റ്‌ലാന്റിന്റെ മാതൃകമ്പനി ഫിന്‍മെക്കാനമിക്കയുടെ വെളിപ്പെടുത്തലോടെയാണ് സംഭവം വിവാദമായത്. തുടര്‍ന്ന് 2103ല്‍ കരാര്‍ റദ്ദാക്കുകയായിരുന്നു. എന്നാല്‍ കോണ്ഗ്രസ് നേതാക്കളെ കുടുക്കുവാന്‍ ഈ അഴിമതി ആയുധമാക്കാന്‍ ബിജെപി ശ്രമം തുടരുന്ന സ്ഥിതിയാണ് ഇപ്പോള്‍.