നാടക ആസ്വാദനത്തിന്റെ പുതിയ തലവുമായി “വീണ്ടും ഭഗവാന്റെ മരണം”

 

രാജേഷ് രാധാകൃഷ്ണന്‍ നായര്‍

നല്ല നാടകങ്ങള്‍ കണ്ടിട്ട് കുറച്ചുകാലമായി. അതുകൊണ്ടാണ് ഒരു സുഹൃത്ത്, കനല്‍ തീയേറ്ററിന്റെ ‘വീണ്ടും ഭഗവാന്റെ മരണം’ എന്ന നാടകം കാണാന്‍ ക്ഷണിച്ചപ്പോള്‍ പോകാം എന്ന് കരുതിയത്.
സാധാരണ പ്രൊഫഷണല്‍ നാടകങ്ങള്‍ കണ്ടിട്ടുള്ള ഞാന്‍ അതേ ഫ്രീക്വന്‍സിയില്‍ ‘ഭഗവാന്റെ മരണം’ കാണാന്‍ ശ്രമിച്ചപ്പോള്‍, ഒരുപക്ഷേ വിഡ്ഢിയായി എന്ന് വേണമെങ്കില്‍ പറയാം.

ഒരു നാടകം അരങ്ങേറുന്നത് വേദിയിലാണോ അതോ കാണികളുടെ മനസ്സില്‍ ആണോ?
ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ‘വീണ്ടും ഭഗവാന്റെ മരണം’ എന്ന നാടകം.

ആ നാടകം എനിക്ക് ചുറ്റും ആയിരുന്നു. പലപ്പോഴും എന്റെ അഭിപ്രായങ്ങള്‍ വിളിച്ചുപറയാന്‍ തോന്നിപ്പിക്കുന്ന കഥാമുഹൂര്‍ത്തങ്ങള്‍, അവതരണശൈലി.

സ്റ്റേജ് ഏത് സദസ് ഏത് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധത്തിലുള്ള ഒരു മാസ്മരിക വലയത്തില്‍ പെട്ടുപോയി ഞാന്‍. കഥാപാത്രങ്ങളും കലാകാരന്മാരും പ്രേക്ഷകരും ഒരേ വേദിയില്‍ അന്യോന്യം സംവദിക്കുന്നതായി എനിക്ക് തോന്നി. ഒരു പക്ഷെ അതെന്റെ ഒരു hallucination ആകാം.

നാടകത്തിന്റെ സംവിധായകനെ പ്രശംസിക്കാതെ നിവര്‍ത്തിയില്ല. നാടക ആസ്വാദനത്തിന്റെ പുതിയൊരു തലത്തിലേക്ക് പ്രേക്ഷകരെ കൊണ്ടുപോയ അദ്ദേഹത്തിനോടുള്ള നന്ദിയും കടപ്പാടുമാണ് എനിക്കവിടെ രേഖപ്പെടുത്താനുള്ളത്.
നാടകത്തെ ഒരു സ്റ്റേജില്‍ മാത്രം ഒതുക്കി നിര്‍ത്തുകയല്ല അദ്ദേഹം ചെയ്തത്, പകരം, സ്റ്റേജില്‍ നിന്നും തെരുവിലേക്കും തെരുവില്‍ നിന്നും മനുഷ്യ മനസ്സുകളിലേക്കും ആ ചിന്താധാര പ്രവഹിപ്പിക്കുകയായിരുന്നു അദ്ദേഹം.
ഹസീം അമരവിളയുടെ സംവിധാന മികവിനെ അഭിനന്ദിക്കുക മാത്രമല്ല വേണ്ടത്, അദ്ദേഹത്തെ കഴിയുന്നവിധം ആദരിക്കണം മലയാളികള്‍.

കെ ആര്‍ മീരയുടെ ‘ഭഗവാന്റെ മരണം’ എന്ന ചെറുകഥ ഞാന്‍ വായിച്ചിട്ടില്ല.
പക്ഷേ കണ്ടു, അതും അതിനപ്പുറവും.

മല്ലപ്പമാരും അമരമാരുമായി നാടകം കണ്ടു തുടങ്ങിയവര്‍ ഒരുപക്ഷേ, ഭഗവാന്‍മാരായിട്ടാകും പുറത്തേക്കു വന്നത്. ഇതു തന്നെയാകും ഈ നാടകം കൊണ്ട് സംവിധായകനും കൂട്ടരും ഉദ്ദേശിച്ചത്.

പ്രേക്ഷക ബാഹുല്യം കണക്കിലെടുത്ത് നാടകം ഇന്ന് വീണ്ടും പ്രദര്‍ശിപ്പിക്കുന്നതായി അറിഞ്ഞു. മലയാളിയുടെ ആസ്വാദന മികവിനെ അഭിനന്ദിക്കാതെ തരമില്ല.

ഇനിയും ഇതുപോലുള്ള നല്ല കലാസൃഷ്ടികള്‍ ഉണ്ടാകട്ടെ. എല്ലാവര്‍ക്കും നന്മ വരട്ടെ.

കൂടല സംഗമ ദേവാ…