ജൂലൈ 18 ഓര്‍മിക്കപ്പെടാതെ കടന്നു പോയപ്പോള്‍ അതൊരു നന്ദികേടിന്റെ ബാക്കിപത്രമായിരുന്നോ?

സംഗീത് ശേഖര്‍

ജൂലൈ 18 ഓര്‍മിക്കപ്പെടാതെ കടന്നു പോയപ്പോള്‍ അതൊരു നന്ദികേടിന്റെ ബാക്കിപത്രമായിരുന്നോ എന്ന സംശയം ബാക്കിയാകുകയാണ്. ബ്രൂണോ കുട്ടിന്‌ഹോ എന്ന മുന്‍ ഇന്ത്യന്‍ സ്‌ട്രൈക്കര്‍ ആരാധനയോടെ, അതിലേറെ ആദരവോടെ കേരളത്തിന്റെ മുന്‍ സ്റ്റോപ്പര്‍ ബാക്കിനെ വിശേഷിപ്പിക്കുന്നത് ഇന്ത്യന്‍ ഫുട്‌ബോളിലെ ഏറ്റവും ടഫ് ആയിരുന്ന ഡിഫന്‍ഡര്‍ എന്നാണു. മനസാക്ഷിയില്ലാത്ത ടാക്ലിംഗുകളിലൂടെ ആക്രമണങ്ങളുടെ മുനയൊടിച്ചു കളയുന്ന കരുത്തനായ പ്രതിരോധനിരക്കാരന്‍ എന്നത് കളിവിവരണങ്ങളിലൂടെ മാത്രം നമ്മളിലേക്ക് പകര്‍ന്നു നല്‍കപ്പെടുന്ന ഒരനുഭവമാകുന്നത് ഒരല്‍പം ദയനീയമാണ്. വേറെ നിവ്ര്യത്തിയില്ല എന്നത് കൊണ്ട് മാത്രം നമുക്ക് വിവരണങ്ങളെ ആശ്രയിക്കാതെയും വയ്യ. ഐ.എം വിജയന്റെ പോലും അപൂര്‍വ്വം വീഡിയോകളെ ലഭ്യമുള്ളൂ എന്നിരിക്കെ 90കളിലെ ഒരിന്ത്യന്‍ പ്രതിരോധ നിരക്കാരനെ കളി കണ്ടിട്ടുള്ളവരുടെ വാക്കുകളില്‍ കൂടെ മാത്രമേ പുനര്‍നിര്‍മിച്ചെടുക്കാന്‍ സാധിക്കൂ.

നിര്‍ദ്ദയനായ, കരുത്തനായ, ബോള്‍ ഫീഡറായ ഒരിന്ത്യന്‍ ഡിഫന്‍ഡര്‍ എന്ന രൂപത്തിന് പക്ഷെ ഒരേയൊരു പേരെ യോജിക്കുകയുമുള്ളൂ. വി.പി.സത്യന്‍. ജര്‍ണയില്‍ സിംഗിന് ശേഷം ഇന്ത്യന്‍ ഫുട്‌ബോള്‍ കണ്ട ഏറ്റവും മികച്ച ഡിഫന്‍ഡര്‍ എന്ന വിശേഷണം അതിശയോക്തിയല്ല. സ്പിരിറ്റഡ് യൂത്തില്‍ തുടങ്ങി ലക്കി സ്റ്റാറിലൂടെ കേരള പോലീസിലേക്ക്. അവിടെ നിന്നും ഇന്ത്യന്‍ ടീമിലേക്ക് കടന്നു ചെന്ന ഡിഫന്‍ഡര്‍ ഗ്രൗണ്ടില്‍ അക്ഷരാര്‍ത്ഥത്തില്‍ നായകനായിരുന്നത് കൊണ്ട് തന്നെ കളിച്ചിരുന്ന ടീമുകളുടെ നായകപദവി അയാളിലേക്ക് സ്വാഭാവികമായി എത്തിപ്പെട്ട ഘടകം മാത്രമായിരുന്നു.

വിജയനും പാപ്പച്ചനും ഷറഫലിയും ചാക്കോയും കുരികേഷ് മാത്യുവും ചാക്കോയും ജാബിറും ലിസ്റ്റനുമൊക്കെ അടങ്ങിയ കേരള പോലീസ് ഒരു കാലഘട്ടത്തിലെ കേരള ഫുട്‌ബോളിന്റെ തന്നെ നേര്‍കാഴ്ചയാണ്. അവരുടെ ഇടയില്‍. നിര്‍ദ്ദയം ആക്രമണങ്ങളുടെ മുനയൊടിക്കുന്നവനെന്ന പേരുമായി നിറഞ്ഞു നിന്നവന്‍. യൂട്യുബില്‍ ഒരു ക്ലിപ്പ് പോലും ലഭ്യമല്ലാത്ത അവസ്ഥയില്‍ പഴയ തലമുറയുടെ കളി വിവരണങ്ങളിലൂടെ, അല്ലെങ്കില്‍ സന്തോഷ് ട്രോഫിയിലെ കമന്റെറ്ററുടെ ആവേശം തുളുമ്പുന്ന വാക്കുകള്‍ എന്ന അവ്യക്തമായ ഓര്‍മയിലൂടെ ജീവിക്കുന്ന ഒരു ഫുട്‌ബോളര്‍. ചാക്കൊയില്‍ നിന്ന് സത്യനിലെക്ക്, തോബിയാസിലൂടെ, പാപ്പച്ചനിലെക്ക് എന്നിങ്ങനെ സതീഷ് ചന്ദ്രന്റെ (പേര് തെറ്റിയിട്ടില്ല എന്നാണു വിശ്വാസം) ശബ്ദത്തില്‍ മനക്കണ്ണില്‍ നീക്കങ്ങള്‍ കണ്ടെടുക്കാന്‍ മാത്രം ഭാഗ്യമുണ്ടായിരുന്ന ഒരു കൂട്ടം ഫുട്‌ബോള്‍ ഭ്രാന്തന്മാരുടെ മനസ്സില്‍ സ്ഥിര പ്രതിഷ്ഠ നേടിയ ഫുട്‌ബോളര്‍.

90കളില്‍ തന്റെ പീക്കില്‍ കളിച്ചു കടന്നു പോയൊരു ഇന്ത്യന്‍ ഫുട്‌ബോളറുടെ നല്ല കാലത്തെ രേഖപ്പെടുത്തുന്ന അടയാളങ്ങളുടെ കുറവ് ഇന്ത്യന്‍ ഫുട്‌ബോളിന്റെ തന്നെ അന്നത്തെ അവസ്ഥയുടെ പ്രതീകമാണ്. ഒരു സിനിമയിലൂടെ അയാളെ തിരിച്ചറിയേണ്ടി വരുന്ന ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന പുതിയ തലമുറക്ക് മുന്നില്‍ അയാളൊരു ദുരന്ത നായകനായി മാത്രമാണു അവതരിപ്പിക്കപ്പെടുന്നത്. ഡിഫന്‍സീവ് മിഡ് ഫീല്‍ഡറായും സ്റ്റോപ്പര്‍ ബാക്കായും തിളങ്ങിയ, 1995 ല്‍ അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഫുട്‌ബോളര്‍ ഓഫ് ദ ഇയര്‍ ആയിരുന്ന, ഒരു കളിക്കാരന്റെ ചിത്രം വരച്ചു കാട്ടപ്പെടുന്നത് അങ്ങനെയാവരുത്.

1986ലെ മെര്‍ദേക്ക കപ്പ് സത്യനെ ഇന്ത്യന്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തിയിരുന്നു. പി.കെ ബാനര്‍ജി സത്യന്റെ റോള്‍ റീ ഡിഫൈന്‍ ചെയ്തയാളെ ഒരു ഡിഫന്‍സീവ് മിഡ് ആയി പ്രതിഷ്ഠിക്കുന്ന ടൂര്‍ണമെന്റ്. തങ്ങളേക്കാള്‍ കരുത്തരായ ടീമുകളോട് മുട്ടി നിന്ന ഒരിന്ത്യന്‍ ടീം. മലെഷ്യയോടു 3 ഗോളുകള്‍ക്ക് തകര്‍ന്നു കൊണ്ടാണ് ഇന്ത്യ തുടങ്ങിയത്. ശക്തരായ സൌത്ത് കൊറിയക്കെതിരെ 4-3നു ഇന്ത്യ ജയിച്ച ത്രില്ലറില്‍ വിജയം കൊണ്ട് വന്ന നിര്‍ണായകമായ ലോംഗ് റേഞ്ചര്‍ സത്യന്റെ കാലുകളില്‍ നിന്നായിരുന്നു. തായ് ലന്‍ഡിനെ ഒന്നിനെതിരെ 3 ഗോളുകള്‍ക്ക് തകര്‍ത്ത് സെമിയില്‍ കടന്ന ഇന്ത്യന്‍ ടീമിന് മുന്നില്‍ കരുത്തരായ ചെക്കോസ്ലോവാക്യയായിരുന്നു. 115 മിനുട്ടോളം ഗോളടിക്കാന്‍ വിടാതെ ചെക്കോസ്ലോവാക്യയെ തടഞ്ഞു നിര്‍ത്തിയ ഇന്ത്യന്‍ പ്രതിരോധ നിരയുടെ ശക്തിദുര്‍ഗമായിരുന്നു സത്യന്‍. ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനത്തേക്ക് ഉയരാന്‍ അധികം സമയമെടുത്തില്ല.

1992 സന്തോഷ് ട്രോഫി തന്നെയാകണം സത്യന്റെ കരിയറിലെ രജതരേഖകളില്‍ ഒന്ന്. നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം കേരള ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും തിളക്കമാര്‍ന്ന വിജയങ്ങളില്‍ ഒന്ന് സ്വന്തമാക്കിയ വര്‍ഷത്തെ ശ്രദ്ധേയമായ മത്സരം സെമിഫൈനലില്‍ വെസ്റ്റ് ബംഗാളിന്നെതിരെയായിരുന്നു. ബംഗാളിന്റെ ആക്രമണം നയിക്കുന്നത് കേരളം സ്ര്യഷ്ടിച്ചു വിട്ട എക്കാലത്തെയും മികച്ച സ്‌ട്രൈക്കര്‍ ഐ.എം വിജയനും. മലയാളികള്‍ക്ക് ആധിപത്യമുണ്ടായിരുന്ന ഗാലറി നാടിനെ വഞ്ചിച്ചു പുറം നാടിനു വേണ്ടി കളിക്കുന്നവനെന്ന ലേബലുമായി നില്‍ക്കുന്ന തന്റെ ചോരക്ക് വേണ്ടി ആര്‍ത്തു വിളിക്കുന്നത് വിജയനിന്നും മറന്നിട്ടില്ല. ആവേശമുള്‍ക്കൊണ്ട് തങ്ങളില്‍ ഒരാളായിരുന്നിട്ടും തങ്ങള്‍ക്കെതിരെ കളിക്കാനെത്തിയ സ്റ്റാര്‍ ഫുട്‌ബോളറെ നിര്‍ദ്ദയം തടഞ്ഞു നിര്‍ത്തിയ കേരള പ്രതിരോധനിരയുടെ അമരത്ത് സത്യനായിരുന്നു. കടുത്ത ടാക്ലിംഗുകളിലൂടെ പഴയ കൂട്ടുകാരനെ തളച്ചിട്ട കേരള പ്രതിരോധ നിര അന്ന് പരുക്കന്‍ ഗെയിമാണ് കളിച്ചത്. മുഴുവന്‍ സമയത്ത് ഗോള്‍ രഹിത സമനിലയില്‍ ബംഗാളിനെ പിടിച്ചു നിര്‍ത്തി ഷൂട്ട് ഔട്ടില്‍ 4-3 നു വിജയിച്ചു കേരളം ഫൈനലിലേക്ക് കുതിക്കുമ്പോള്‍ വിജയനൊരു പെനാല്‍റ്റി പാഴാക്കിയിരുന്നു. ഫൈനലില്‍ ഗോവയെ വീഴ്ത്തി വര്‍ഷങ്ങളുടെ വരള്‍ച്ചക്ക് വിരാമമിട്ടു സന്തോഷ് ട്രോഫി നേടിയ സ്വപ്ന സംഘത്തിന്റെ അമരക്കാരന്‍..ക്യാപ്റ്റന്‍…മെര്‍ദേക്ക കപ്പില്‍ കൊറിയയെ ഞെട്ടിച്ച 35 വാര അകലെ നിന്നുള്ള ലോംഗ് റേഞ്ചര്‍ പ്രശസ്തമായെങ്കില്‍ അതുപോലെ ഒട്ടനവധി എണ്ണം ഓര്‍ത്തെടുക്കപ്പെടാതെ പോയിട്ടുണ്ട്.

അര്‍ഹിച്ചത് ലഭിക്കാതെ പോയൊരു ഫുട്‌ബോളര്‍ എന്നത് പോലുമൊരു അണ്ടര്‍ സ്റ്റേറ്റ്‌മെന്റ് തന്നെയാണ് ഇദ്ദേഹത്തിന്റെ കാര്യത്തില്‍. 1991 സാഫ് ഗെയിംസില്‍ നായകനായി തിരഞ്ഞെടുക്കപ്പെട്ട് എത്തിയ ശേഷം നിഷ്‌കരുണം സത്യനെന്ന ക്യാപ്റ്റന്റെ ആം ബാന്‍ഡ് അഴിച്ചു സത്യജിത് ചാറ്റര്‍ജിക്ക് നല്‍കിയ, ഫസ്റ്റ് ഇലവനില്‍ നിന്ന് തന്നെ അയാളെ പുറത്താക്കിയ ജോസഫ് ഗെലി എന്ന മുന്‍ ഇന്ത്യന്‍ കോച്ച് ഒരു യാഥാര്‍ഥ്യം തന്നെയായിരുന്നു എന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടരുത്. കളിക്കളത്തിലല്ല, കളത്തിനു പുറത്തെ തനിക്ക് പരിചയമില്ലാത്ത കളികളില്‍ വീണു പോയൊരു മനുഷ്യന്‍. കളിക്കളത്തിലെ വെല്ലുവിളികളോട് പൊരുതി നിന്നയാള്‍ക്ക് ജീവിതത്തിലെ തിരിച്ചടികള്‍ നേരിടാന്‍ കഴിഞ്ഞില്ല എന്നതായിരിക്കാം യാഥാര്‍ത്ഥ്യം. നിഴല്‍ പോലെ കൂടെയുണ്ടായിരുന്ന വിഷാദ രോഗവും സത്യനൊരു തിരിച്ചുവരവ് സാധ്യമാക്കിയില്ല.

സഹതാപം മൂത്തപ്പോള്‍ അയാള്‍ക്ക് വേണ്ടി ഒരു ബെനഫിറ്റ് മാച്ച് സംഘടിപ്പിക്കാനുള്ള ശ്രമങ്ങള്‍ അവസാന ഘട്ടത്തിലായിരുന്നു എന്ന ഹരം കൊള്ളിക്കുന്ന വാര്‍ത്ത അയാളുടെ മരണ ശേഷം പുറത്തു വിട്ടു ഇന്ത്യന്‍ ഫുട്‌ബോളിനെ ഞെട്ടിക്കുന്നുണ്ട് ഇന്ത്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ അന്നത്തെ തലവന്‍ പ്രിയരഞ്ജന്‍ ദാസ് മുന്‍ഷി. സത്യമായിരുന്നെങ്കിലും അല്ലെങ്കിലും ദയക്ക് കാത്തുനില്‍ക്കാതെ സത്യന്‍ മടങ്ങിയിരുന്നു. ഇന്ത്യന്‍ ഫുട്‌ബോളില്‍ ലോബിയിംഗ് ശക്തമായിരുന്ന ഒരു കാലത്ത് മിതഭാഷിയായിരുന്നെങ്കില്‍ കൂടെ കൊമ്പ്രമൈസുകള്‍ക്ക് നില്‍ക്കാതെ പറയേണ്ടത് പറയേണ്ടിടത്ത് പറഞ്ഞിരുന്ന സ്വഭാവമാണ് വി.പി സത്യന്‍ എത്തേണ്ടിടത്ത് എത്താതെ പോയതിനൊരു കാരണമെന്ന് അയാളുടെ പഴയൊരു സഹകളിക്കാരന്‍ ഓര്‍ത്തെടുക്കുന്നുണ്ട്. കളിക്കളത്തില്‍ എതിരാളികളെ സമര്‍ത്ഥമായ ടാക്കിളുകളിലൂടെ കൈകാര്യം ചെയ്തിരുന്ന മാസ്റ്റര്‍ ടാക്ലര്‍ക്ക് കളിക്കളത്തിനു പുറത്ത് അതിനു കഴിയാതെ പോയി…