സ്കൂളിലെ ദളിത് പാചകക്കാരിയെ മാറ്റണം എന്നാവശ്യപ്പെട്ട് തമിഴ് നാട്ടില്‍ സവര്‍ണ്ണ ജാതിക്കാരുടെ ആക്രമണം

തിരിപ്പൂരിലെ അവിനാഷി താലൂക്കിലുള്ള ഗ്രാമത്തിലെ സ്‌കൂളിലിലാണ് ഈ നൂറ്റാണ്ടിലും ജാതി വിവേചനം നിലനില്‍ക്കുന്നു എന്നതിന് തെളിവ് ലഭിച്ചത്. സ്കൂളില്‍ ഉച്ചഭക്ഷണം പാകം ചെയ്യുന്ന ദളിത് പാചകക്കാരിയെ മാറ്റണമെന്നാവശ്യപ്പെട്ട് ഹിന്ദു മതത്തിലെ മേല്‍ജാതിക്കാര്‍ എന്നവകാശപ്പെട്ട ഒരു സംഘം അക്രമം നടത്തുകയായിരുന്നു. പപ്പാല്‍ എന്ന ദളിത് സ്ത്രീക്കെതിരെയാണ് കുട്ടികളുടെ രക്ഷിതാക്കളടക്കം രംഗത്തെത്തിയത്. തുടര്‍ന്ന് ഇവരുടെ നിയമനം റദ്ദാക്കിയെങ്കിലും ദളിത് വിഭാഗത്തിലുള്ള ആളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ തിരിപ്പൂര്‍ സബ് കലക്ടര്‍ ശ്രാവണ്‍ കുമാര്‍ ഇടപെട്ട് ഇവരെ ജോലിയില്‍ തുടരാന്‍ നിര്‍ദേശിക്കുകയായിരുന്നു.

ഗൗണ്ടര്‍ സമുദായത്തില്‍പെട്ട സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന സംഘമാണ് ഇവരെ മാറ്റണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. 2006ലെ നൂണ്‍ മീല്‍ സ്‌കീം സര്‍വീസിലൂടെയാണ് ഇവര്‍ ജോലിയില്‍ പ്രവേശിക്കുന്നത്. റെവന്യൂ ഡിപ്പാര്‍ട്ട്‌മെന്റിന്റെ നിര്‍ദേശ പ്രകാരം ആദ്യ സ്ഥലത്ത് നിന്നും മാറ്റം ലഭിച്ച പപ്പാല്‍ തിരുമലൈഗൗണ്ടന്‍പാളയം സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിലെത്തിയപ്പോഴാണ് ഗൗണ്ടര്‍ സമുദായം ഇവര്‍ക്കെതിരേ മുന്നറിയിപ്പുമായി രംഗത്തെത്തിയത്. തുടര്‍ന്ന് ഇവര്‍ ജോലിയില്‍ പ്രവേശിച്ചിരുന്നില്ല. പിന്നീട് പപ്പാലിന്‍റെ അപേക്ഷ പ്രകാരം ഇവരുടെ ഗ്രാമത്തിലെ തന്നെ ഹൈസ്‌ക്കൂളിലേക്ക് മാറ്റം ലഭിച്ചെങ്കിലും ജോലിയില്‍ പ്രവേശിച്ച് രണ്ടാം ദിനം തന്നെ ഗൗണ്ടര്‍ സമുദായത്തിലുള്ളവര്‍ വന്ന് ഇവരെ ജോലിയില്‍ നിന്നും തടയുകയായിരുന്നു.

75 കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിലേക്ക് രക്ഷിതാക്കളടക്കം വന്ന് പാപ്പാലിനെ മറ്റേതെങ്കിലും സ്‌കൂളിലേക്ക് മാറ്റണമെന്ന ആവശ്യപ്പെട്ടുവെന്ന് സ്‌കൂള്‍ ഹെഡ്മിസ്ട്രസ് എം ശശികല വ്യക്തമാക്കി. ദളിത് സ്ത്രീ പാചകം ചെയ്യുന്ന ഭക്ഷണം തങ്ങളുടെ കുട്ടികള്‍ എങ്ങിനെ കഴിക്കുമെന്ന് ചോദിച്ചാണ് ഇവര്‍ പപ്പാലിനെ മാറ്റാന്‍ ആവശ്യപ്പെട്ടതെന്നും ശശികല കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഇവരെ മാറ്റുന്ന പ്രശ്‌നമില്ലെന്ന നിലപാടില്‍ സ്‌കൂള്‍ ഉറച്ചു നിന്നതോടെ കുട്ടികളെ രക്ഷിതാക്കള്‍ വീട്ടിലേക്ക് കൊണ്ടുപോയി.

എന്നാല്‍ കഴിഞ്ഞ ദിവസം കുറച്ചാളുകള്‍ വന്ന് സ്‌കൂള്‍ തുറക്കുന്നത് തടയാന്‍ ശ്രമിക്കുകയും പപ്പാലിനെ ഇവിടെ നിന്ന് മാറ്റണമെന്നാവശ്യപ്പെടുകയും ചെയ്തു. 300 ഓളം ഗൗണ്ടര്‍ കുടുംബങ്ങള്‍ 70 ഓളം വരുന്ന അരുന്ധതിയാര്‍ കുടുംബങ്ങള്‍ക്കെതിരേ ജാതിയതിക്രമങ്ങള്‍ ഈ പ്രദേശത്ത് സ്ഥിരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.