വാട്സ് ആപ്പ് സന്ദേശങ്ങള്‍ ഇനി മുതല്‍ അഞ്ചില്‍ കൂടുതല്‍ പേര്‍ക്ക് ഫോര്‍വേഡ് ചെയ്യാനാകില്ല
സന്ദേശങ്ങള്‍ കൂട്ടമായി ഫോര്‍വേഡ് ചെയ്യുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ വാട്‌സ്ആപ്പ്. അഞ്ചിലധികം പേർക്ക് ഇനി ഒരു സന്ദേശം ഒരേ സമയം ഫോര്‍വേഡ് ചെയ്യാന്‍ കഴിയില്ല. പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയിലാണ് ഇപ്പോള്‍ ഇത് നടപ്പാക്കുക. ഇന്ത്യയിലുള്ള ഉപഭോക്താക്കള്‍ക്കാണ് നിയന്ത്രണം ബാധകമാകുക. സന്ദേശങ്ങള്‍ കൂട്ടമായി അയക്കുന്നതില്‍ മറ്റു നിയന്ത്രണങ്ങളും ഉടന്‍ കൊണ്ടുവന്നേക്കും.
വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ വാട്‌സ് ആപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അടുത്തിടെ പ്രസ്താവനയിറക്കിയിരുന്നു. വ്യാജ വാര്‍ത്തകളും തെറ്റായ വിവരങ്ങളും നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കും അറിയിച്ചിരുന്നു.
സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള കിംവദന്തികള്‍ കലാപുമുണ്ടാക്കുന്നതിന് കാരണമാകുന്നുവെന്ന വിമര്‍ശനം ശക്തമായതോടെയാണ് വ്യാജ വാര്‍ത്തകളും പ്രചാരണങ്ങളും തടയുന്നതിനായി ഫെയ്‌സ്ബുക്കിന് പിന്നാലെ കടുത്ത നടപടികളുമായി വാട്‌സ്ആപ്പും രംഗത്ത് വന്നത്.