ക്രൂഡ് ഓയില്‍ വില ഇടിഞ്ഞു ; ഇന്ത്യയില്‍ വില കുറയ്ക്കാന്‍ തയ്യാറാകാതെ കമ്പനികള്‍
അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കുത്തനെ കുറഞ്ഞു. ഒമ്പതുദിവസംകൊണ്ട് ക്രൂഡ് വിലയില്‍ ബാരലിന് ഏഴ് ഡോളറിന്റെ കുറവാണുണ്ടായത്. എന്നാല്‍ വില കുറഞ്ഞിട്ടും രാജ്യത്ത് വിലയില്‍ കുറവ് വരുത്താന്‍ കമ്പനികള്‍ തയ്യാറായിട്ടില്ല. വ്യാഴാഴ്ച പെട്രോളിന് ആറും ഡീസലിന് 12 പൈസയുമാണ് രാജ്യത്തെ പൊതുമേഖല എണ്ണ കമ്പനികള്‍ കുറയ്ക്കാന്‍ തയ്യാറായത്. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 76.78 രൂപയും ഡീസല്‍ ലിറ്ററിന് 68.35രൂപയുമാണ് വില.
ആഗോള വിപണിയിലെ വിലയും വിനിമയ നിരക്കും നികുതികളും ചേര്‍ത്താണ് എണ്ണക്കമ്പനികള്‍ വില നിശ്ചയിക്കുന്നത്. ഇറാന്‍ ഉള്‍പ്പടെയുള്ള പെട്രോളിയം ഉത്പാദനരാജ്യങ്ങള്‍ ഉത്പാദനം വര്‍ധിപ്പിച്ചതാണ് വിലയില്‍ പെട്ടെന്ന് ഇടിവുണ്ടാകാനുള്ള കാരണം. എന്നാല്‍ എന്തൊക്കെയായാലും രാജ്യത്ത് വില കുറയ്ക്കാന്‍ പറ്റില്ല എന്ന നിലപാടിലാണ് സര്‍ക്കാരും കമ്പനികളും.