ഭൂമിയിടപാട് ; കര്‍ദിനാളിനെതിരെ കേസെടുക്കേണ്ടന്ന് സുപ്രീംകോടതി

എറണാകുളം-അങ്കമാലി അതിരൂപതാ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കേണ്ടന്ന് സുപ്രീംകോടതി. കര്‍ദിനാളിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി. പരാതികാര്‍ക്ക് വേണമെങ്കില്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ച് ഈ വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണത്തിന് ഉത്തരവിടണമെന്ന് ആവശ്യപ്പെടാം. നിലവില്‍ ഈ കേസില്‍ സുപ്രീംകോടതി ഇടപെടേണ്ടതില്ലെന്നും കോടതി അറിയിച്ചു.

ജസ്റ്റിസ് രോഹിന്‍ടണ്‍ ഫാലി നരിമാന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഭൂമിയിടപാട് കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതിനെതിരെ ആലഞ്ചേരിയുള്‍പ്പടെയുള്ളവര്‍ ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ ഹര്‍ജിയില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയിരുന്നു. ഇതിനെതിരെ മാര്‍ട്ടിന്‍ ഷൈന്‍ വര്‍ഗീസ് എന്നിവര്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.