ഇന്ത്യന്‍ ക്രിക്കറ്റിന് തലവേദനയായി യോ യോ ടെസ്റ്റ്‌ ; വിശ്വാസ്യത ചോദ്യം ചെയ്തു ബിസിസിഐ

താരങ്ങളെ ടീമില്‍ എടുക്കുന്ന ടെസ്റ്റ്‌ ആയ യോയോ ടെസ്റ്റിന്റെ വിശ്വാസ്യത സംബന്ധിച്ച് ചോദ്യങ്ങളുയരുന്നു. ബിസിസിഐയില്‍ നിന്ന് തന്നെയാണ് യോയോ ടെസ്റ്റിന്റെ വിശ്വാസ്യതയ്ക്ക് നേരെ ചോദ്യങ്ങള്‍ ഉയരുന്നത്. ദേശീയ ടീമിലേക്കുള്ള സെലക്ഷന് യോ യോ ടെസ്റ്റ് എങ്ങനെയാണ് മാനദണ്ഡമാക്കുക എന്നാണ് ഒരു വിഭാഗം ബിസിസിഐ ഉദ്യോഗസ്ഥര്‍ ഉയര്‍ത്തുന്ന ചോദ്യം. ഇംഗ്ലണ്ടിനെതിരെ ഏകദിന പരമ്പര നഷ്ടപ്പെട്ടതിന് പിന്നാലെയാണ് ചോദ്യങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.

ഐപിഎല്ലില്‍ മികച്ച പ്രകടനം കാഴ്ചവച്ച ഇന്ത്യന്‍ താരം അമ്പാട്ടി റായുഡുവിന് യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ കളിക്കാന്‍ സാധിച്ചിരുന്നില്ല. അതേസമയം, പരിക്കുള്ള ഭുവനേശ്വര്‍ കുമാറിന് ജസ്പ്രിത് ഭുംറയുമെല്ലാം എങ്ങനെ യോ യോ ടെസ്റ്റ് പാസായെന്നാണ് ബിസിസിഐയിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ സംശയമുന്നയിക്കുന്നത്.

ഈ സാഹചര്യത്തില്‍ ടീമിന്റെ ഫിസിയോ പാട്രിക് ഫര്‍ഹാര്‍ട്ടും ട്രെയിനര്‍ ശങ്കര്‍ ബസുവും സംശയനിഴലിലായിരിക്കുകയാണ്. ഇന്ത്യന്‍ ടീമിലേക്ക് താരങ്ങളെ തിരഞ്ഞെടുക്കുന്നതിന് ഇവര്‍ കൊണ്ടുവന്ന പരിഷ്‌ക്കരണമാണ് ‘യോ യോ ടെസ്റ്റ്’. നേരത്തെ കപില്‍ദേവ് അടക്കമുളള മുന്‍ താരങ്ങളും യോയോ ടെസ്റ്റിനെതിരെ രംഗത്ത് വന്നിരുന്നു.

ഭുവനേശ്വറിനേയും സാഹയേയുമെല്ലാം ചികിത്സിച്ച് പരിക്ക് വഷളാക്കിയെന്ന ആരോപണവും പാട്രിക്ക് ഫര്‍ഹാര്‍ട്ടും ശങ്കര്‍ ബസുവും നേരിടുന്നുണ്ട്. അതുപോലെ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണും യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇന്ത്യ എ ടീമില്‍ കളിക്കാനുള്ള അവസരം നഷ്ടമായിരുന്നു.