സാനിറ്ററി നാപ്കിനുകളെ ജി.എസ്.ടിയില്‍ നിന്നും ഒഴിവാക്കി ; ടിവിക്കും ഫ്രിഡ്ജിനുമെല്ലാം വില കുറയും

സാനിറ്ററി നാപ്കിനുകളെ ജി.എസ്.ടി (ചരക്കു സേവന നികുതി) യില്‍ നിന്ന് ഒഴിവാക്കി. ശനിയാഴ്ച ഡല്‍ഹിയില്‍ നടന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തിന് ശേഷം മഹാരാഷ്ട്ര ധനകാര്യമന്ത്രി സുധീര്‍ മുങ്ങന്തിവാറാണ് ഇക്കാര്യം അറിയിച്ചത്. ജി.എസ്.ടി നിലവില്‍ വന്നശേഷം സാനിറ്ററി നാപ്കിന് 12ശതമാനം നികുതിയാണ് ചുമത്തിയിരുന്നത്.

സാനിറ്ററി നാപ്കിനുകള്‍ക്ക് അധികനികുതി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പിഗ്‌മെന്റ് കമ്മിറ്റി ജി.എസ്.ടി കൗണ്‍സിലിന് ശുപാര്‍ശ നല്‍കിയിരുന്നു. ഇതോടെയാണ് സാനിറ്ററി നാപ്കിന്‍ നികുതിയില്‍ നിന്ന് ഒഴിവാക്കാന്‍ ജി.എസ്.ടി കൗണ്‍സില്‍ തീരുമാനിച്ചത്. അതേസമയം, നികുതി ഒഴിവാക്കിയതോടെ സാനിറ്ററി നാപ്കിനുകളുടെ വില കുറയുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

27 ഇഞ്ച് വരെയുള്ള ടി.വി, വാഷിങ്‌ മെഷീന്‍, റഫ്രിജറേറ്റര്‍, വീഡിയോ ഗെയിം, ഇസ്തിരിപ്പെട്ടി, ലിഥിയം ബാറ്ററികള്‍, വാക്വം ക്ലീനര്‍, ഗ്രൈന്‍ഡറുകള്‍, മിക്‌സറുകള്‍, വാട്ടര്‍ ഹീറ്റര്‍, ഹെയര്‍ ഡ്രൈയര്‍, പെയിന്റ്, വാര്‍ണിഷ്, വാട്ടര്‍കൂളര്‍, സുഗന്ധദ്രവ്യം, ടോയ്‌ലറ്റ് സ്‌പ്രേ, കോസ്‌മെറ്റിക്‌സ്, വാള്‍പുട്ടി, പ്രത്യേക ആവശ്യങ്ങള്‍ക്കായുള്ള വാഹനങ്ങള്‍ ട്രെയിലറുകള്‍, തുകല്‍ ഉത്പന്നങ്ങള്‍ എന്നിവയുടെ ജിഎസ്ടി നിരക്കിലാണ് മാറ്റംവരുത്തിയത്. നേരത്തെ 28% നികുതി ഈടാക്കിയിരുന്ന ഈ ഉത്പന്നങ്ങളെ 18% നികുതി സ്ലാബിലേക്ക് മാറ്റുകയായിരുന്നു. പുതിയ ജിഎസ്ടി നിരക്കുകള്‍ ജൂലായ് 27 മുതല്‍ നിലവില്‍വരും.