കുഞ്ചിത്തണ്ണിയില്‍ കണ്ടെത്തിയ ശരീരാവശിഷ്ടം ജസ്‌നയുടേതെന്ന് സംശയം ; ഡിഎന്‍എ പരിശോധനയ്ക്ക് തയ്യാറായി പോലീസ്
ഇടുക്കി കുഞ്ചിത്തണ്ണിക്ക് സമീപം മുതിരപ്പുഴയാറ്റില്‍ കണ്ടെത്തിയ ശരീരാവശിഷ്ടങ്ങള്‍ പത്തനംതിട്ട നിന്ന് കാണാതായ വിദ്യാര്‍ത്ഥിനി ജസ്‌നയുടേതെന്ന് സംശയം. മുതിരപ്പുഴയുടെ തീരത്ത് കഴിഞ്ഞ ആഴ്ചയാണ് മനുഷ്യന്റെ കാല്‍ തീരത്തടിഞ്ഞത്. മൃതദേഹത്തില്‍ നിന്ന് കാല് മാത്രം സ്വയം വേര്‍പെടാന്‍ സാധ്യത കുറവാണ് അതുകൊണ്ട് തന്നെ മറ്റ് ശരീര ഭാഗങ്ങള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
തീരത്തടിഞ്ഞ കാലിന്റെ അരഭാഗത്ത് വെട്ടിയതുപോലുള്ള മുറിവുണ്ടായിരുന്നതായി ദൃക്‌സാക്ഷികള്‍ പറയുന്നു. ഇതു കൊണ്ടു തന്നെ പൊലീസിന്റെ സംശയം ജസ്‌ന തിരോധാനത്തിലേക്കാണ് നീങ്ങുന്നത്. ശരീരഭാഗങ്ങള്‍ ജസ്‌നയുടേതാണോയെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇതിനായി ജസ്‌നയുടെ പിതാവിന്റെ രക്തസാമ്പിള്‍ പൊലീസ് ശേഖരിച്ചു.
പരിശോധനയ്ക്കായി പൊലീസ് കോടതിയുടെ അനുമതി തേടി ഇന്നലെ കത്ത് നല്‍കി. ഡിഎന്‍എ പരിശോധനാ ഫലം വ്യക്തമായാല്‍ മാത്രമേ തുടര്‍ നടപടികളുമായി മുന്നോട്ടുപോകൂവെന്ന് അന്വേഷണ സംഘത്തലവന്‍ വ്യക്തമാക്കി. ശരീര ഭാഗത്തിന്റെ ഡിഎന്‍എ പരിശോധനാ ഫലമെത്തിയാല്‍ അന്വേഷണത്തില്‍ വഴിത്തിരിവുണ്ടാകുമെന്നാണ് പൊലീസ് കരുതുന്നത്.
അതേസമയം ജസ്‌നയുടെ തിരോധാനം സംബന്ധിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. വിവരങ്ങള്‍ പരസ്യപ്പെടുത്താനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് വിവരങ്ങള്‍ കോടതിക്ക് കൈമാറിയത്. കേസ് അന്വേഷണം തുടരുകയാണെന്നും പൊലീസ് ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്.