പുതിയ നൂറുരൂപാ നോട്ടുകള്‍ ; എടിഎമ്മുകള്‍ പുനഃക്രമീകരിക്കാന്‍ മാത്രം ചിലവ് 100 കോടി

സര്‍ക്കാര്‍ ഉടന്‍ പുറത്തിറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള പുതിയ 100 രൂപ നോട്ടുകള്‍ വിതരണം ചെയ്യാന്‍ കഴിയുംവിധം രാജ്യത്തെ എടിഎമ്മുകള്‍ ക്രമീകരിക്കാന്‍ കുറഞ്ഞത് 100 കോടി രൂപ ചിലവ് വരുമെന്ന് ബാങ്കുകള്‍. എ.ടി.എം കമ്പനികളുടെ സംഘടനയെ ഉദ്ധരിച്ച് പി.ടി.ഐ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ടുചെയ്തത്. നിലവിലുള്ള നൂറുരൂപ നോട്ടിനെക്കാള്‍ ചെറുതായിരിക്കും പുതിയ നോട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ 2.4 ലക്ഷം എ.ടി.എമ്മുകള്‍ പുനഃക്രമീകരിക്കാന്‍ 100 കോടി രൂപയെങ്കിലും വേണ്ടിവരുമെന്ന് വിലയിരുത്തല്‍.

നിലവിലുള്ള 100 രൂപ നോട്ടുകള്‍ പിന്‍വലിക്കാതെതന്നെ പുതിയ നോട്ടുകള്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നത് എ.ടി.എം പുനഃക്രമീകരണത്തില്‍ വെല്ലുവിളി ഉയര്‍ത്തുമെന്നും വിലയിരുത്തപ്പെടുന്നു. ലാവന്‍ഡര്‍ നിറത്തിലുള്ള പുതിയ നൂറുരൂപ നോട്ടുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിസര്‍വ് ബാങ്ക് പ്രഖ്യാപിച്ചത്. അതേസമയം പഴയ നോട്ടുകള്‍ പിന്‍വലിക്കില്ല എന്നും ബാങ്ക് അറിയിച്ചു.

അടുത്തിടെ പുറത്തിറക്കിയ 200 രൂപ നോട്ടുകള്‍ വിതരണം ചെയ്യാന്‍ കഴിയും വിധം എ.ടി.എമ്മുകള്‍ പുനഃക്രമീകരിക്കുന്ന ജോലികള്‍ പൂര്‍ത്തിയാകും മുമ്പാണ് പുതിയ 100 രൂപ നോട്ടുകള്‍ പുറത്തിറക്കുവാന്‍ ബാങ്ക് തയ്യാറാകുന്നത്. അതുപോലെ രാജ്യത്തെ മുഴുവന്‍ എ.ടി.എമ്മുകളും റീകാലിബറേററ്റ് ചെയ്യാന്‍ 12 മാസമെങ്കിലും വേണ്ടിവരുമെന്നു ഹിറ്റാച്ചി പേമെന്റ് സര്‍വീസസ് മാനേജിങ് ഡയറക്ടര്‍ ലോണി ആന്റണി പറയുന്നു.