സംഘപരിവാര്‍ ഭീഷണി ; എസ് ഹരീഷിന്‍റെ നോവല്‍ “മീശ” മാതൃഭൂമി പിന്‍വലിച്ചു
സംഘപരിവാര്‍ ഭീഷണിയെതുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവരുന്ന എസ് ഹരീഷ് എഴുതിയ ‘മീശ’ എന്ന നോവലാണ് പന്‍വലിച്ചത്. ചില സംഘടനകളുടെ ഭീഷണിയെ തുടര്‍ന്നാണ് നോവല്‍ പിന്‍വലിക്കുന്നതെന്ന് എഴുത്തുകാരന്‍ പറഞ്ഞു. കുടുംബാംഗങ്ങളെ അപമാനിക്കുന്ന നീക്കങ്ങള്‍ ഇവരുടെ ഭാഗത്തു നിന്നുണ്ടായതിനെ തുടര്‍ന്നാണ് ഈ തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു.
‘മീശ’ എന്ന നോവലില്‍ അമ്പലത്തില്‍ പോകുന്ന സ്ത്രീകളെ അപമാനിച്ചുവെന്നാണ് എഴുത്തുകാരനെതിരെയുള്ള ആരോപണം. എസ്.ഹരീഷിന്റെ ഭാര്യയുടെ ഫോട്ടോ സഹിതമായിരുന്നു സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധക്കാരുടെ തെറിവിളി.
ഞാന്‍ ജീവിക്കുന്നത് അപ്പര്‍ കുട്ടനാട്ടിലാണ്. ഒരുപാട് മിത്തുകള്‍, കഥകളൊക്കെയുള്ള പ്രദേശമാണ് കുട്ടനാടന്‍ മേഖല. ലോകത്തു തന്നെ അപൂര്‍വമായ സ്ഥലമാണിത്. ചതുപ്പില്‍ നിന്നും കായലില്‍ നിന്നും മനുഷ്യന്‍ കുത്തിയെടുത്തുണ്ടാക്കിയ സ്ഥലം. അവിടുത്തെ കഥകള്‍ പറയണം എന്നെനിക്ക് ആഗ്രഹമുണ്ടായിരുന്നു. ഞാന്‍ ചെറുപ്പം മുതലേ കേട്ടുവളര്‍ന്ന ഒരുപാട് കഥകളുണ്ട്. അതില്‍ നിന്ന് ഉണ്ടായ നോവലാണ് മീശ.
എന്നാല്‍ എന്റെ അനുഭവങ്ങള്‍ വിവരിക്കുകയല്ല നോവലില്‍. ചെറുപ്പം മുതല്‍ ഞാന്‍ കേട്ട കഥകളുണ്ട്. കേട്ട പാട്ടുകളുണ്ട്. കണ്ട മനുഷ്യരുണ്ട്. അവയെല്ലാമാണ് ‘മീശ’ പറയുന്നത്. ഞാന്‍ ആദ്യമായി ഒരു നോവല്‍ എഴുതുമ്പോള്‍ അത് എന്റെ നാട്ടില്‍നിന്നേ ആരംഭിക്കാന്‍ സാധിക്കുകയുള്ളായിരുന്നു. കാരണം എനിക്കതേ പറയാന്‍ കഴിയൂ.
സ്ഥലം പല നോവലുകളിലും പറയുന്നുണ്ടെങ്കിലും അതീവ പ്രാധാന്യത്തോടെ വരുന്ന സൃഷ്ടികള്‍ കുറവാണ്. ഇവിടെ കുട്ടനാട് തന്നെ ഒരു കഥാപാത്രമാണ്. ലോകത്തിലെ തന്നെ അതീവ സവിശേഷമായ ഒരു സ്ഥലമായതിനാല്‍ നോവലില്‍ അതിനൊത്ത പ്രാധാന്യം നല്‍കണം എന്ന് തോന്നി. സ്ഥലം അതോടൊപ്പം അതില്‍ ഇഴുകിച്ചേര്‍ന്നിരിക്കുന്ന കഥാപാത്രങ്ങള്‍. സ്ഥലത്തോടുള്ള ആഗ്രഹത്തില്‍ നിന്നും സ്‌നേഹത്തില്‍ നിന്നും എഴുതിയ ഒരു നോവലാണിത് എന്നും ഹരീഷ് പറയുന്നു.
ഹരീഷിനെ സംഘപരിവാര്‍ ആക്രമിക്കുമ്പോഴും മൗനം പാലിച്ച് മാതൃഭൂമി.നോവല്‍ പിന്‍വലിച്ചിട്ടും മാതൃഭൂമി നിലപാട് വ്യക്തമാക്കിയിട്ടില്ല. ഹരീഷിനും കുടുംബത്തിനും നേരെ ഭീഷണി മുഴക്കുകയും ഹരീഷിനെ സോഷ്യല്‍ മീഡിയില്‍ പിന്തുണയ്ക്കുന്നവര്‍ക്കെതിരെ സംഘടിതമായി ആക്രമിക്കുകയും ചെയ്യുമ്പോഴും മാതൃഭൂമി മൗനത്തിലായിരുന്നു. എന്നാല്‍ നോവല്‍ പിന്‍വലിക്കുന്ന വാര്‍ത്ത അവര്‍ ബ്രേക്കിംഗ് ആയി തന്നെ പുറത്തു വിട്ടു.