പോലീസുകാരനെ തട്ടിക്കൊണ്ടുപോയി വധിച്ച ഭീകരരെ സൈന്യം കൊലപ്പെടുത്തി

ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടു. പോലീസ് കോണ്‍സ്റ്റബിള്‍ മുഹമ്മദ് സലിമിനെ കൊലപ്പെടുത്തിയശേഷം ഒളിവില്‍കഴിഞ്ഞ ഭീകരരെയാണു വകവരുത്തിയത്. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു ഏറ്റുമുട്ടല്‍.കൊല്ലപ്പെട്ട പോലീസുകാരന്റെ വീട് സ്ഥിതി ചെയ്യുന്ന കുല്‍ഗാമിലെ ഖുദ്വാനിയിലാണ് ഏറ്റുമുട്ടല്‍ നടന്നത്.

കോണ്‍സ്റ്റബിളിന്റെ കൊലപാതകത്തെ തുടര്‍ന്ന് സൈന്യവും പോലീസും സംയുക്തമായി തെരച്ചില്‍ നടത്തിവരികയായിരുന്നു. ഇതിനിടെ കുദ്വാനിയില്‍ ഭീകരരുണ്ടെന്ന വിവരം ലഭിച്ചു. സേന സംയുക്തമായി മേഖല വളഞ്ഞു. ഇതോടെ ഭീകരര്‍ വെടിവയ്പ് ആരംഭിച്ചു. സൈന്യവും തിരികെ വെടിയുതിര്‍ത്തു. ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്തുനിന്നു മൂന്നു ഭീകരരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ജമ്മു കശ്മീര്‍ പോലീസ് മേധാവി എസ്.പി.വൈദ് അറിയിച്ചു. ഇവരില്‍നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു. കൊല്ലപ്പെട്ട ഭീകരര്‍ ഹിസ്ബുള്‍ മുജാഹുദീന്‍ സംഘടനയിലെ അംഗങ്ങളാണെന്നാണു സൂചന. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

സിആര്‍പിഎഫ്, കരസേന, പോലീസ് എന്നിവര്‍ സംയുക്തമായാണ് ഭീകരവിരുദ്ധ ഓപ്പറേഷന്‍ നടത്തുന്നത്. ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. നാലുതീവ്രവാദികള്‍ കൂടി ഇവിടെയുണ്ടെന്നാണ് സുരക്ഷാസേന സംശയിക്കുന്നത്. അതിനിടെ സൈനികനടപടിക്കിടെ സുരക്ഷാസേനയ്‌ക്കെതിരെ ആള്‍ക്കൂട്ടം കല്ലെറിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. രണ്ടുദിവസം മുമ്പാണ് സലീം അഹമ്മദ് ഷാ എന്ന പോലീസുകാരനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.