വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നെയ്മര്‍ ; റഷ്യയില്‍ എത്തിയത് ചവിട്ടുകൊള്ളാനല്ല
റഷ്യന്‍ ലോകകപ്പില്‍ തനിക്ക് നേരിട്ട വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍. ഈ ലോകകപ്പില്‍ മികച്ച പ്രകടനങ്ങള്‍ നിരവധി കാഴ്ചവെച്ചുവെങ്കിലും എല്ലാ മത്സരങ്ങളിലും തനിക്കെതിരായ ഫൗളിനെ ഓവറാക്കി കാണിക്കുന്ന നെയ്മറെ പരിഹസിച്ച് മുന്‍ ഫുട്ബോള്‍ ഇതിഹാസങ്ങളടക്കം രംഗത്തെത്തിയിരുന്നു. കാറ്റടിച്ചാല്‍ വീഴുന്ന താരമാണു നെയ്മറെന്നു പറഞ്ഞ് നിരവധി ട്രോളുകളും താരത്തിനെതിരെ വന്നിരുന്നു. ലോകകപ്പ് കഴിഞ്ഞ് ആഴ്ചയൊന്നായെങ്കിലും നെയ്മറിനെതിരായ ട്രോളുകളുടെ പെരുമഴയാണ് ഇപ്പോഴും. ഇതിനൊക്കെയുള്ള മറുപടിയുമായിട്ടാണ് നെയ്മര്‍ ഇപ്പോള്‍ വന്നിരിക്കുന്നത്.
ലോകകപ്പിനിടെ നിരവധി തവണയാണ് താന്‍ എതിര്‍ ടീമിന്റെ ടാക്ലിങിന് ഇരയായതെന്നു താരം പറയുന്നു . താന്‍ ടാക്ലിങിന് വഴങ്ങിക്കൊടുക്കണമോയെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ടാക്ലിങുകളെതുടര്‍ന്ന് ഏറെ വേദന അനുഭവിക്കേണ്ടിവന്നു. അതൊക്കെ അഭിനയമാണെന്ന് എങ്ങനെ പറയാന്‍ സാധിക്കും ബ്രസീലില്‍ തന്റെ പേരിലുള്ള ഇന്‍സ്റ്റിസ്റ്റ്യൂട്ടില്‍ നടക്കുന്ന ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ എ.എഫ്.പിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു നെയ്മറിന്റെ പ്രതികരണം.
ഫൗള്‍ ചെയ്യുന്നയാളേക്കാള്‍ ഫൗളിന് ഇരയാകുന്നയാളെ വിമര്‍ശിക്കുന്നതാണ് ആളുകളുടെ ഇപ്പോഴത്തെ രീതി. ഞാന്‍ ലോകകപ്പിനെത്തിയത് എതിരാളികളെ തോല്‍പ്പിച്ച് മുന്നേറാനാണ്. അല്ലാതെ എതിരാളികളുടെ ചവിട്ട് കൊള്ളാനല്ല, നെയ്മര്‍ കടുത്ത ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചു.
ഡ്രിബ്ള്‍ ചെയ്ത് മുന്നേറാന്‍ ഏറെ ഇഷ്ടപ്പെടുന്നയാളാണ് ഞാൻ. സ്വാഭാവികമായും എതിര്‍ ടീമിലെ താരങ്ങള്‍ എന്നെ തടയാൻ ശ്രമിക്കും. അവരേ പ്രിയപ്പെട്ടവരെ, ഒന്നു ഡ്രിബ്ള്‍ ചെയ്ത് പോയി ഗോള്‍ നേടിക്കോട്ടെയെന്ന് ചോദിക്കാന്‍ പറ്റുമോ? നെയ്മര്‍ വിമര്‍ശകരോടായി ചോദിക്കുന്നു. തനിക്ക് അവരേക്കാള്‍ വേഗതയുണ്ട്, തടിയും കുറവാണ്. അതുകൊണ്ട് തന്നെ തടയാന്‍ കഴിഞ്ഞില്ലെങ്കില്‍ ടാക്കിള്‍ ചെയ്യുകയല്ലാതെ അവര്‍ക്കു മുന്നില്‍ മറ്റു വഴികളില്ലെന്നും നെയ്മര്‍ കൂട്ടിച്ചേര്‍ത്തു. കടുത്ത വേദനയെതുടര്‍ന്ന് മിക്ക മല്‍സരങ്ങള്‍ കഴിഞ്ഞപ്പോഴും നാലും അഞ്ചു മണിക്കൂറുകള്‍ കാലില്‍ താന്‍ ഐസ് വച്ചിരുന്നതായും നെയ്മര്‍ വെളിപ്പെടുത്തി.
തനിക്കെതിരെ ഉണ്ടായ വിമര്‍ശനങ്ങള്‍ അല്‍പ്പം കടന്നുപോയിരുന്നു. എന്നാല്‍ ഇത്തരം കാര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒരേസമയം റഫറിയാകാനും ടീമില്‍ കളിക്കാനും എനിക്കാവില്ല. എന്നാലും ചില സമയത്ത് അതിന് സാധിച്ചിരുന്നെങ്കിലെന്ന് താന്‍ ആഗ്രഹിച്ചു പോയിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.