ഉഷ്ണതരംഗം ; ജപ്പാനില്‍ 30 മരണം ; കനത്തമഴയും തുടരുന്നു
ജപ്പാനില്‍ അത്യുഷ്ണത്തില്‍ 30 പേര്‍ മരിച്ചു. ആയിരത്തിലധികം ആളുകള്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. രാജ്യത്തെ ചില സംസ്ഥാനങ്ങളില്‍ താപനില 38 ഡിഗ്രിയില്‍ കുറയാതെ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മധ്യജപ്പാനില്‍ താപനില 40 ഡിഗ്രിയിലധികം രേഖപ്പെടുത്തി. സ്‌കൂളുകളില്‍ വേണ്ട പ്രതിരോധ നടപടികള്‍ കൈക്കൊള്ളാനുള്ള നിര്‍ദേശം വിദ്യാഭ്യാസ വകുപ്പ് നല്‍കിയിട്ടുണ്ട്.
രാജ്യത്തെ പ്രധാന സാംസ്‌കാരിക കേന്ദ്രമായ ഐച്ചിയില്‍ അത്യുഷ്ണം മൂലം ചൊവ്വാഴ്ച ആറുവയസുകാരന്‍ മരിച്ചിരുന്നു. നിര്‍ജലീകരണത്തെ പ്രതിരോധിക്കാന്‍ ധാരാളം വെള്ളം കുടിക്കാന്‍ ആരോഗ്യവകുപ്പ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. പശ്ചിമ ജപ്പാനില്‍ കനത്തമഴയെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങളെ അത്യുഷ്ണം ഗുരുതരമായി ബാധിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു കൊല്ലത്തിനിടെ ഏറ്റവും കൂടിയ താപനിലയാണിത്.