ഓണ്‍ലൈന്‍ വഴി ചാരായം വാറ്റാനുള്ള ഉപകരണങ്ങളും ; ഋഷിരാജ് സിങ് വരെ ഞെട്ടി

ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകള്‍ വഴി ഓര്‍ഡര്‍ ചെയ്ത ചാരായ വാറ്റുപകരണങ്ങള്‍ കണ്ടു എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് വരെ ഞെട്ടി. ഇത്തരത്തില്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ ലഭിക്കും ഉറപ്പ് വരുത്തിയ എക്‌സൈസ് കമ്മീഷണര്‍ വ്യാപാര സൈറ്റുകളുടെ മേധാവികള്‍ക്കെതിരെ നടപടിയെടുക്കാന്‍ തുടങ്ങിയതോടെ സൈറ്റില്‍ നിന്നു ഉല്‍പന്നം പിന്‍വലിച്ചു.

മുന്‍നിര വ്യാപാര സൈറ്റുകളാണ് വാറ്റുപകരണങ്ങള്‍ ഓണ്‍ലൈന്‍ വഴി വില്‍പന നടത്തുന്നത്. വ്യാപാര സൈറ്റുകളില്‍ ലിക്കര്‍ മാനുഫാക്ച്ചറിങ് യൂണിറ്റ് എന്നു ടൈപ്പു ചെയ്താല്‍ ഉപകരണങ്ങള്‍ ലഭ്യമാകും. ഇതു സംബന്ധിച്ചു നിരവധി പരാതികള്‍ എക്‌സൈസ് ആസ്ഥാനത്തും ലഭിച്ചു. തുടര്‍ന്നാണ് ഋഷിരാജ് സിങ്ങ് ഉപകരണങ്ങള്‍ ഓര്‍ഡര്‍ ചെയ്തു വരുത്തിച്ചത്

പൊലീസ് സൈബര്‍ വിഭാഗത്തിന്റെ സഹായത്തോടെ കേരളത്തില്‍ ഇതിനു ഓര്‍ഡര്‍ ചെയ്യുന്നവരുടെ പേരു വിവരം എക്‌സൈസ് ശേഖരിച്ചിട്ടുണ്ട്. ഇതിനുശേഷമാണ് മുന്‍നിര വ്യാപാര സൈറ്റുകളുടെ സംസ്ഥാനത്തെ ചുമതലക്കാരെ എക്‌സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങ് വിളിച്ചു വരുത്തി മുന്നറിയിപ്പ് നല്‍കിയത്. ലഹരിമരുന്നുകളുടെ വില്‍പനയും സൈറ്റുകള്‍ വഴിയുണ്ടെന്നാണ് വിവരം.

എന്നാല്‍ ലഹരി മരുന്നുകള്‍ വില്‍പന നടത്തുന്ന ഡാര്‍ക്‌നെറ്റ്.കോമുമായി ബന്ധപ്പെട്ടപ്പോള്‍ ഇന്ത്യയില്‍ തങ്ങള്‍ക്ക് വില്‍പനയില്ലെന്ന മറുപടിയാണ് ലഭിച്ചതെന്നും ഋഷിരാജ് സിങ് പറഞ്ഞു. നിലവിലെ നിയമത്തിന്റെ പരിധിയില്‍ നിന്ന് ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളെ നിയന്ത്രിക്കാന്‍ എളുപ്പമല്ലെന്നതാണ് എക്‌സൈസിനെ കുഴക്കുന്നത്.

വാറ്റുപകരണങ്ങളും ലഹരി മരുന്നുകളും വാങ്ങുന്നയാളുകളെ കണ്ടെത്തി കേസെടുക്കുക മാത്രമാണ് മുന്നിലുള്ള പോംവഴിയെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. വ്യാപാര സൈറ്റുകള്‍ വഴിള്ള ഇത്തരം സാധനങ്ങളുടെ വില്‍പന തടയാന്‍ കേന്ദ്രത്തെ സമീപിക്കാനും ആലോചിക്കുന്നുണ്ട്. നേരത്തെ മദ്യാസക്തി കൂട്ടുന്നുവെന്ന പേരില്‍ ജി.എന്‍.പി.സി ഫെയ്‌സ്ബുക്ക് കൂട്ടായ്മ ബ്ലോക്ക് ചെയ്യണമെന്നു എക്‌സൈസ് വകുപ്പ് ആവശ്യപ്പെട്ടെങ്കിലും ഫെയ്‌സ്ബുക്ക് ആവശ്യം നിരസിച്ചിരുന്നു.