നവയുഗം തുണച്ചു; ദുരിതങ്ങളില്‍ നിന്നും രക്ഷപ്പെട്ട് സുധാകര്‍ നാട്ടിലേയ്ക്ക് മടങ്ങി
അല്‍ കോബാര്‍: അഞ്ചു മാസത്തിലേറെയായി ശമ്പളമില്ലാതെ ദുരിതത്തിലായ ആന്ധ്രാ സ്വദേശി, നവയുഗം സാംസ്‌ക്കാരികവേദി ജീവകാരുണ്യവിഭാഗത്തിന്റെ സഹായത്തോടെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.
ആന്ധ്രപ്രദേശിലെ നായര്‍പേട്ട പെലക്കൂര്‍ സേവല്‍ സ്വദേശിയായ സുധാകര്‍ ആണ് നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങിയത്. കഴിഞ്ഞ ആറു വര്‍ഷമായി ഒരു സ്വകാര്യ കമ്പനിയില്‍ അലൂമിനിയം ഫിറ്റര്‍ ആയി ജോലി നോക്കി വരികയായിരുന്നു സുധാകര്‍. മാന്ദ്യം കാരണം കമ്പനി സാമ്പത്തികപ്രതിസന്ധിയിലായതോടെയാണ് സുധാകറിന്റെ കഷ്ടകാലവും തുടങ്ങിയത്. ജോലി ഉണ്ടായിരുന്നെങ്കിലും, ശമ്പളം കിട്ടതെയായത്തോടെ നിത്യഭക്ഷണത്തിനുള്ള വക പോലും ഇല്ലാതെ ബുദ്ധിമുട്ടിലായി. നാട്ടിലെ കുടുംബത്തിന്റെ അവസ്ഥയും പരിതാപകരമായി. അഞ്ചു മാസക്കാലം ശമ്പളം കുടിശ്ശിക ആയതോടെ സുധാകര്‍ ശക്തമായി പ്രതികരിച്ചെങ്കിലും കമ്പനി ഒഴിവുകഴിവുകള്‍ പറയുക മാത്രമാണ് ചെയ്തത്.
ജീവിതം വഴി മുട്ടിയ അവസ്ഥയില്‍ സുധാകര്‍, ചില സുഹൃത്തുക്കള്‍ നല്‍കിയ ഫോണ്‍ നമ്പരില്‍, നവയുഗം കേന്ദ്രകമ്മിറ്റിയംഗവും ജീവകാരുണ്യപ്രവര്‍ത്തകനുമായ പി.വി.പ്രഭാകരനെ ബന്ധപ്പെട്ട്, സ്വന്തം അവസ്ഥ വിവരിച്ച് സഹായം അഭ്യര്‍ഥിച്ചു. പ്രഭാകരന്‍ കേസ് ഏറ്റെടുക്കുകയും, സുധാകരനെക്കൊണ്ട് കമ്പനി ഉടമയ്‌ക്കെതിരെ തൊഴില്‍ കരാര്‍ലംഘനത്തിന് ലേബര്‍ കോടതിയില്‍ കേസ് കൊടുപ്പിയ്ക്കുകയും ചെയ്തു.
തുടര്‍ന്ന് രണ്ടു മാസത്തോളം നടന്ന നിയമപോരാട്ടത്തിനൊടുവില്‍ താന്‍ കേസില്‍ പരായപ്പെടുമെന്ന് മനസ്സിലായ കമ്പനി ഉടമ, പ്രഭാകരനോട് ഒത്തുതീര്‍പ്പിന് സന്നദ്ധത അറിയിച്ചു. തുടര്‍ന്ന് കോടതിയ്ക്ക് പുറത്തു നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ഒടുവില്‍, കുടിശ്ശിക ശമ്പളവും ആനുകൂല്യങ്ങളും നല്‍കി സുധാകറിനെ നാട്ടിലേയ്ക്ക് അയയ്ക്കാമെന്ന് കമ്പനി ഉടമ സമ്മതിച്ചു. തുടര്‍ന്ന് സുധാകര്‍ കേസ് പിന്‍വലിച്ചു.
നിയമനടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി, എല്ലാ കുടിശ്ശികയും ആനുകൂല്യങ്ങളും കൈപ്പറ്റി, നിറഞ്ഞ സന്തോഷത്തോടെ, നവയുഗത്തിന് നന്ദി പറഞ്ഞ്, സുധാകര്‍ നാട്ടിലേയ്ക്ക് മടങ്ങി.