ഉപയോഗിക്കാത്ത ലോക്കര്‍ തുറന്നു പരിശോധിച്ചപ്പോള്‍ ലഭിച്ചത് 550 കോടിയുടെ സ്വത്ത്

കാലങ്ങളായി ഉപയോഗിക്കാതെ കിടന്ന ലോക്കര്‍ പരിശോധിച്ച സമയം ലഭിച്ചത് 550 കോടിയുടെ സ്വത്ത്. ബെംഗളൂരുവിലെ ബോവറിങ് ഇന്‍സ്റ്റിറ്റ്യൂട്ട് ക്ലബിലാണ് സംഭവം. ക്ലബില്‍ അംഗങ്ങള്‍ക്ക് ലോക്കര്‍ സൗകര്യം നല്‍കാറുണ്ടായിരുന്നു. ഇതില്‍ കുറേ കാലമായി തുറക്കാത്ത ലോക്കറുകള്‍ കഴിഞ്ഞ ദിവസം തുറന്ന് പരിശോധിച്ചിരുന്നു. ഈ പരിശോധനക്കിടയിലാണ് അവിനാഷ് അമര്‍ലാല്‍ കുക്രേജ എന്ന ബിസിനസ്സുകാരന്റെ ലോക്കറില്‍ നിന്നും സ്വര്‍ണം, പണം, ചെക്ക് ബുക്കുകള്‍, സ്വത്തുക്കളുടെ പ്രമാണങ്ങള്‍ എന്നിവ ഉള്‍പ്പെട്ട ബാഗുകള്‍ കണ്ടെത്തിയത്.

മൂന്ന് ലോക്കറുകളില്‍ ആറ് ബാഗുകളായിരുന്നു ഉണ്ടായിരുന്നത്. അസ്വാഭാവികത തോന്നിയതിനെ തുടര്‍ന്ന് ക്ലബ് സെക്രട്ടറി പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തി ലോക്കറുകള്‍ സീല്‍ ചെയ്തു. തുടര്‍ന്ന്‍ ഇന്‍കംടാക്‌സ്,എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ ഇവ തുറന്ന പരിശോധിക്കുകയായിരുന്നു. 3.90 കോടി രൂപ, 7.80 കോടി രൂപയുടെ ആഭരണങ്ങള്‍, 650 ഗ്രാം സ്വര്‍ണം, 15 ലക്ഷം രൂപയുടെ റോളക്‌സ് വാച്ച്, 30-35 ലക്ഷം രൂപ വിലവരുന്ന പീജിയസ്റ്റ് വാച്ച്, നിരവധി സ്വത്തുക്കളുടെ പ്രമാണങ്ങള്‍ എന്നിവയാണ് ബാഗില്‍ ഉണ്ടായിരുന്നത്.

ഇവ ഏകദേശം 550 കോടി രൂപ വിലമതിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. ഇവ സീല്‍ ചെയ്ത ഉദ്യോഗസ്ഥര്‍ അവിനാഷ് കുക്രേജയുടെ വീടും ഓഫീസും റെയ്ഡ് ചെയ്തു.