മഴ മാറിയിട്ടും ; ദുരിതകടലായി കോട്ടയവും ആലപ്പുഴയും ; സര്‍ക്കാര്‍ സംവിധാനം നോക്ക് കുത്തി

മഴ മാറിയിട്ടും ആലപ്പുഴ, കോട്ടയം ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങളിലുള്ള ജനങ്ങള്‍ തീരാ ദുരിതത്തില്‍ ‍. കുടിവെള്ളവും അവശ്യ സാധനങ്ങളും ഇല്ലാതെ ദുരിതം അനുഭവിക്കുകയാണ് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍‍. ഇതുസംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെ പ്രളയ ബാധിത പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ നേവിയുടെ സഹായം തേടുമെന്നും അധികൃതര്‍ പറഞ്ഞു.

ആലപ്പുഴ ജില്ലയില്‍ മൊത്തം ആറു ലക്ഷം പേരും കുട്ടനാട്ടില്‍ മാത്രം മൂന്നരലക്ഷം പേരും ദുരിതം അനുഭവിക്കുന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആലപ്പുഴ ജില്ലയിലെ മാവേലി സ്റ്റോറുകള്‍ പലതിലും അവശ്യവസ്തുക്കളുടെ ക്ഷാമമുണ്ട്. പലസ്ഥലത്തും വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചിട്ടില്ല. ആലപ്പുഴ – ചങ്ങനാശ്ശേരി റോഡിലെ ഗതാഗതം തുടര്‍ച്ചയായ ഏഴാം ദിവസവും തടസപ്പെട്ടു. കുട്ടനാട്ടിലെ ജനങ്ങളാണ് ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നത്. വീടിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് പലരും. കടകളില്‍പോയി സാധനങ്ങള്‍ വാങ്ങാന്‍ പലര്‍ക്കും കഴിയുന്നില്ല.

കോട്ടയം ജില്ലയിലെ കുമരകം, തിരുവാര്‍പ്പ് പഞ്ചായത്തുകളിലാണ് മഴക്കെടുതി രൂക്ഷം. ഞായറാഴ്ച വീണ്ടും മഴ തുടങ്ങിയതോടെ കടുത്ത ആശങ്കയിലാണ് കോട്ടയത്തെ ജനങ്ങള്‍. എന്നാല്‍ സര്‍ക്കാര്‍ സഹായം എത്തിക്കുന്നുണ്ട് എന്ന് പറയുന്നു എങ്കിലും ആര്‍ക്കും ലഭിക്കുന്നില്ല എന്നതാണ് സത്യം. പ്രാഥമിക കര്‍മ്മങ്ങള്‍ പോലും നടത്താന്‍ പറ്റാത്ത സ്ഥിതിയിലാണ് ജനങ്ങള്‍. അതുപോലെ ദുരിതാശ്വാസ ക്യാമ്പുകളിലെ സ്ഥിതിയും വ്യത്യസ്തമല്ല.