പുരാവസ്തു വകുപ്പ് തടഞ്ഞിട്ടും നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്രിസ്ത്യന്‍ പള്ളി ഒരു രാത്രികൊണ്ട് പൊളിച്ചു നീക്കി അധികൃതര്‍

നെയ്യാറ്റിന്‍കരയിലെ Immaculate Conception Church ആണ് സര്‍ക്കാര്‍ തടഞ്ഞിട്ടും പള്ളി അധികാരികള്‍ ഒരു രാത്രികൊണ്ട് പൊളിച്ചു നീക്കിയത്. നൂറു വര്‍ഷത്തിലേറെ പഴക്കമുള്ള പള്ളി പൊളിക്കാന്‍ പോകുന്നു എന്ന് ഇടവകയിലെ വിശ്വാസികളും നാട്ടുകാരും കേന്ദ്ര പുരാവസ്തു വകുപ്പിനെ അറിയിച്ചതിന്‍ പ്രകാരം ടെക്‌നിക്കല്‍ ടീം പള്ളി പരിശോധിച്ചിരുന്നു. പരിശോധനയില്‍ ഈ പള്ളിയുടെ പഴക്കവും വാസ്തുവിദ്യയിലെ മികവും വിശദീകരിച്ചു കൊണ്ടുള്ള റിപ്പോര്‍ട്ട് തയ്യാറാക്കുകയുമായിരുന്നു.

ഈ പ്രശ്‌നത്തില്‍ ഇടപെടണം എന്ന് കളക്ടറേയും സ്ഥലം പോലീസ് സബ് ഇന്‍സ്‌പെക്ടറേയും അറിയിക്കുകയും ഉണ്ടായി. എന്നാല്‍ സര്‍ക്കാര്‍ നടപടികള്‍ തുടരുന്ന സമയത്ത് തന്നെ അതിനൊന്നും ഒരു വിലയും കല്‍പ്പിക്കാതെ തിങ്കളാഴ്ച നേരം പുലരുന്നതിനു മുന്‍പ് 4 ബുള്‍ഡോസര്‍ ഉപയോഗിച്ച് പളളി അധികൃതര്‍ തന്നെ പള്ളി തകര്‍ക്കുകയാണുണ്ടായത്. ഗുരുതരമായ വീഴ്ചയാണ് ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നത്. ബോണക്കാട് കുരിശു തകര്‍ത്തതില്‍  അപലപിച്ച സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച നെയ്യാറ്റിന്‍കര രൂപത തന്നെയാണ് ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ പള്ളി തകര്‍ത്തതിന് കൂട്ടു നിന്നിരിക്കുന്നത്.

നാട്ടുകാരുടെയും വിശ്വാസികളുടെയും കടുത്ത എതിര്‍പ്പുകള്‍ അവഗണിച്ചാണ് ബ്രിട്ടീഷ് കാലഘട്ടത്തില്‍ നിര്‍മ്മിച്ച ഈ പള്ളി അധികൃതര്‍ പൊളിച്ചത്. പഴയ പള്ളിക്ക് പകരം കോടികള്‍ മുടക്കി പുതിയ പള്ളി നിര്‍മ്മിക്കുവാന്‍ വേണ്ടിയാണ് ഇത്തരത്തില്‍ ഒരു നടപടി എന്നും പറയപ്പെടുന്നു.