വാട്സ് ആപ്പ് വ്യാജ സന്ദേശം ; മധ്യപ്രദേശില്‍ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു
വ്യാജ വാട്സ് ആപ്പ് പ്രചാരണത്തിനെ തുടര്‍ന്ന്‍ മധ്യപ്രദേശില്‍ മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സ്ത്രീയെന്ന് സംശയിച്ചായിരുന്നു ആക്രമണം. മോര്‍വയ്ക്കടുത്തുള്ള ഭോഷ് ഗ്രാമത്തില്‍ ജൂലായ് 19 നാണ് സംഭവം നടന്നത്. മുപ്പത് വയസ് പ്രായം തോന്നിക്കുന്ന യുവതിയെ തിരിച്ചറിഞ്ഞിട്ടില്ല. കുട്ടികളെ തട്ടികൊണ്ടുപോകുന്ന സംഘം സ്ഥലത്തെത്തിയിട്ടുണ്ടെന്ന അഭ്യൂഹങ്ങള്‍ ഒരുമാസം മുമ്പ് വാട്‌സ്ആപ്പില്‍ പ്രചരിച്ചിരുന്നു. ഈ സംശയമാണ് കൊലപാതകത്തിനു കാരണമായത്.
ജൂലായ് 19ന് രാവിലെ ഗ്രാമത്തില്‍ അലഞ്ഞു നടന്ന സ്ത്രീയെ തടഞ്ഞുനിര്‍ത്തി ജനക്കൂട്ടം ആക്രമിക്കുകയായിരുന്നു. ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ഇവരെ സംഘം ക്രൂരമായി ആക്രമിച്ചത്. കൊലപ്പെടുത്തിയശേഷം മൃതദേഹം ഓവുചാലില്‍ തള്ളുകയായിരുന്നു. ഗ്രാമീണരാണ് വിവരം പോലീസിനെ അറിയിച്ചത്. സംഭവത്തില്‍ 12 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. സോഷ്യല്‍ മീഡിയയിലെ ഇത്തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ കാരണം രാജ്യത്ത് പല ഇടങ്ങളിലും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിച്ചു വരികയാണ്.