സ്ത്രീകള്‍ക്ക് നിന്നുകൊണ്ട് മൂത്രമൊഴിക്കാന്‍ കഴിയുന്ന നൂതന ആശയം വിപണിയില്‍ ; പീ ബഡി

യാത്രകളിലും മറ്റും സ്ത്രീകളെ ഏറെ അലോസരപ്പെടുത്തുന്ന ഒന്നാണ് ശരിയായ രീതിയിൽ മൂത്രമൊഴിക്കാനുള്ള സൗകര്യക്കുറവ്. വൃത്തിഹീനമായ ടോയ്‌ലറ്റുകള്‍ അവരെ നിരാശരാക്കുകയാണ് പതിവ്. സ്ത്രീ സൗഹൃദ ടോയ്‌ലറ്റുകള്‍ എന്നുള്ളത് നമ്മുടെ നാട്ടില്‍ കാലങ്ങളായി ഉയരുന്ന മുറവിളിയാണെങ്കിലും അതൊന്നും നടക്കുന്ന ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിട്ടില്ല. അതു കൊണ്ടു തന്നെ പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ ആശങ്കപ്പെട്ടും ശങ്കയടക്കിയുമൊക്കെയാണ് ഇന്നും കഴിഞ്ഞു കൂടുന്നത്. ഇതുകാരണം പുറത്തിറങ്ങിയാല്‍ വെള്ളം കുടിയ്ക്കുവാന്‍ പോലും സ്ത്രീകള്‍ക്ക് മടിയാണ്. അതുകാരണം ധാരാളം ആരോഗ്യപ്രശ്നങ്ങള്‍ സ്ത്രീകള്‍ക്ക് വരുന്നുണ്ട്.

ഇത്തരത്തില്‍ ദുരിതമനുഭവിക്കുന്ന സ്ത്രീകള്‍ക്ക് ആശ്വാസമേകുന്ന ഒരു നൂതന ആശയവുമായി മുന്നോട്ട് വന്നിരിക്കുകയാണ് പീ ബഡി എന്ന ഡല്‍ഹിയില്‍ നിന്നുള്ള സ്റ്റാര്‍ട്ട് അപ്പ്. ദീപ് ബജാജ് എന്ന ചെറുപ്പക്കാരനും അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കളുമാണ് സ്ത്രീ സൗഹൃദമായ ഈയൊരാശയം പ്രാവര്‍ത്തികമാക്കിയത്. സ്ത്രീകള്‍ക്ക് നിന്ന് മൂത്രം ഒഴിച്ചാലോ എന്നു തോന്നുന്ന സന്ദര്‍ഭങ്ങളില്‍, അതിനുള്ള ശാസ്ത്രീയമായ പരിഹാരമാണ് പീ ബഡി യൂറിനേഷന്‍ ഡിവൈസ്. സംഭവം നിസാരമാണ്. ഇരുന്ന് മൂത്രം ഒഴിക്കാനാവാത്ത സന്ദര്‍ഭങ്ങളിലെല്ലാം ഉപയോഗിക്കാം. വാട്ടര്‍ പ്രൂഫ് കോട്ടഡാണ് മെറ്റീരിയല്‍. ‘ഫ്രീഡം ടു സ്റ്റാന്‍ഡ് ആന്‍ഡ് ഫ്രീ’ എന്നാണ് പീ ബഡി മുന്നോട്ട് വെയ്ക്കുന്നത് തന്നെ.

ഇങ്ങനെയൊരു ഉത്പന്നം ഇന്ത്യയില്‍ ആദ്യമായാണ്. ഗര്‍ഭിണികള്‍ മുതല്‍ ആര്‍ത്രൈറ്റിസ് ബാധിച്ചവര്‍ക്ക് വരെ വളരെ ഉപകാരപ്രദമാണ് പീ ബഡി യൂറിനേഷന്‍ ഡിവൈസ്. കുടുംബസമേതം നടത്തിയ യാത്രയില്‍ സ്ത്രീകള്‍ക്ക് വൃത്തിയുള്ള ടോയ്‌ലറ്റില്‍ പോകാന്‍ കഴിയാത്ത സാഹചര്യം ഉണ്ടായപ്പോള്‍, സുഹൃത്തിന്റെ ഭാര്യ പറഞ്ഞ തമാശയില്‍ നിന്നാണ് ദീപിന് സ്ത്രീകള്‍ക്ക് നിന്ന് കൊണ്ട് മൂത്രമൊഴിക്കാന്‍ കഴിയുന്ന ഉപകരണം എന്ന ആശയമുണ്ടായത്. ഗര്‍ഭിണിയായ തന്റെ ഭാര്യയും വാതരോഗിയായ അമ്മയും നേരിടുന്ന പ്രശ്‌നം മനസ്സിലാക്കിയതോടെ തന്റെ ജോലി ഉപേക്ഷിച്ച് പീ ബഡി പ്രാവര്‍ത്തികമാക്കാന്‍ ഇറങ്ങിത്തിരിക്കുകയായിരുന്നു. അന്നത്തെ തന്‌റെ യാത്രയിലുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളേയും കൂടെ കൂട്ടി. 2015-ല്‍ ദീപ് ബജാജ് ഈ ആശയത്തിന്റെ പേറ്റന്റ് സ്വന്തമാക്കുകയായിരുന്നു.